സത‍്യജിത് റായ് ഇന്ത‍്യൻ സിനിമയിലെ മികച്ച ചലചിത്രകാരൻ, 'അപു ട്രൈലജി' മനസിനെ കീഴടക്കി; വാനോളം പുകഴ്ത്തി നോളൻ

ക്രൈറ്റീരിയൻ കളക്ഷൻ തങ്ങളുടെ എക്സ് അക്കൗണ്ടിൽ പുറത്തവിട്ട വിഡിയോയാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ വൈറലാകുന്നത്
christopher nolan praises satyajit ray and apu trilogy

ക്രിസ്റ്റഫർ നോളൻ, സത‍്യജിത് റായ്

Updated on

ലോകമെമ്പാടും വലിയ ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഇങ്ങ് ഇന്ത‍്യയിലും ക്രിസ്റ്റഫർ നോളന് ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്‍റെതായി അടുത്തിടെ തിയെറ്ററിലെത്തിയ ഒഡീസി ഇന്ത‍്യയിലെ തിയെറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ഇന്ത‍്യൻ സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകൻ സത‍്യജിത് റായിയെ പ്രശംസിച്ചുകൊണ്ട് നോളൻ പറഞ്ഞ വാക്കുകളാണ് സോഷ‍്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ലോകസിനിമയിലെ തന്നെ ആയിരത്തിലേറെ ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ക്രൈറ്റീരിയൻ ക്ലോസറ്റിലെത്തി തന്‍റെ ഇഷ്ട ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനിടെയായിരുന്നു അപു ട്രൈലജിയെ പറ്റി നോളൻ സംസാരിച്ചത്. ഇന്ത‍്യൻ സിനിമയിലെ തന്നെ മികച്ച ചലചിത്രകാരന്മാരിലൊരാളാണ് സത‍്യജിത് റായിയെന്നും പഥേർ പാഞ്ചലിയോടെയാണ് അപു ട്രൈലജി ആരംഭിക്കുന്നതെന്നും അതൊരു അവിശ്വസനീയ ചിത്രമാണെന്നും അത് തന്‍റെ മനസിനെ കീഴടക്കിയെന്നും നോളൻ പറഞ്ഞു.

അപു ട്രൈലജിയിലെ മറ്റു രണ്ടു ചിത്രങ്ങളും താൻ കണ്ടിട്ടില്ലെന്നും അവ കാണാൻ സാധിക്കുമെന്ന ആകാംക്ഷയിലാണ് താനെന്നും നോളൻ കൂട്ടിച്ചേർത്തു. ക്രൈറ്റീരിയൻ കളക്ഷൻ തങ്ങളുടെ എക്സ് അക്കൗണ്ടിൽ പുറത്തവിട്ട വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രശംസിക്കുന്നുവെന്നും നോളൻ പഥേർ പാഞ്ചലി മാത്രമെ കണ്ടിട്ടുള്ളൂയെന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ചിലർ കുറിച്ചു.

പഥേർ പാഞ്ചാലി (1955), അപരാജിതോ (1956), അപുർ സൻസാർ (1959) എന്നീ ചിത്രങ്ങളാണ് അപു ട്രൈലജിയിൽ അടങ്ങുന്നത്. വിഭൂതിഭൂഷൺ ബന്ദോപാധ‍്യായയുടെ നോവുലുകളെ ആസ്പദമാക്കി അപുവിന്‍റെ ബാല‍്യം മുതൽ യൗവനം വരെയുള്ള ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ ചലചിത്ര അവാർഡും കാൻ, ബെർലിൻ, വെനീസ് ചലചിത്രമേളകളിൽ ഒന്നിലധികം ബഹുമതികൾ നേടിയ ക്ലാസിക് ചിത്രമാണ് അപു ട്രൈലജി.

logo
Metro Vaartha
www.metrovaartha.com