
കോൾഡ് പ്ലേയ്ക്കിടെ എച്ച് ആറുമായി റൊമാൻസ്; അസ്ട്രോണമർ സിഇഒക്കെതിരേ അന്വേഷണം, ഭാര്യ പേരു വെട്ടി
വാഷിങ്ടൺ: കോൾഡ് പ്ലേ സംഗീത നിശ ആസ്വദിക്കുന്നതിനിടെ സഹപ്രവർത്തകയ്ക്കൊപ്പം ക്യാമറയിൽ കുടുങ്ങി ഡേറ്റ് ഇൻഫ്രാസ്ട്രക്ചർ കമ്പനി അസ്ട്രോണമർ സിഇഒ ആൻഡി ബൈറൺ. അസ്ട്രോണമറിലെ എച്ച് ആർ ക്രിസ്റ്റിൻ കബോട്ടിനൊപ്പം അടുത്തിടപഴകുന്ന രംഗമാണ് ക്യാമറയിൽ പതിഞ്ഞത്. ക്യാമറ കണ്ട പാടേ ബൈറൺ കുനിഞ്ഞിരിക്കുന്നതും മുഖം മറക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാദമായതോടെ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
എന്നാൽ ബൈറന്‍റെ ഭാര്യ മേഗൻ കെറിഗൻ ദാമ്പത്യത്തിന്‍റെ കാര്യത്തിൽ ഏറെക്കുറേ തീരുമാനം എടുത്ത മട്ടാണ്. സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നെല്ലാം ബൈറണിന്‍റെ പേര് മേഗൻ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ വിഷയത്തിൽ മൂവരും ഇതു വരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ബൈറണും ക്രിസ്റ്റിൻ കബോട്ടുമായി അടുപ്പത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഇരുവരും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ സംഗീത പരിപാടിക്കിടെ ക്യാമറയിൽ നിന്ന് ഒളിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളാണ് കാര്യം കൂടുതൽ വഷളാക്കിയത്. ഇരുവരും പെട്ടെന്ന് മുഖം മറച്ചതോടെ ഗായകൻ ക്രിസ് മാർട്ടിൻ ഇവരെക്കുറിച്ച് പരാമർശിച്ച് സംസാരിക്കുകയും ചെയ്തു.
20 വർഷം മുൻപാണ് മേഗനും ബൈറണും വിവാഹിതരായത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ബൈറണെപ്പോലെ പ്രശസ്തയല്ലെങ്കിലും വിദ്യാഭ്യാസ മേഖലയിൽ സജീവപ്രവർത്തകയാണ് മേഗൻ. എങ്കിലും ബൈറണെ സംബന്ധിച്ച് മേഗന്‍റെ വരുമാനം കുറവായതിനാലും ദീർഘകാലമായി നില നിൽക്കുന്ന വിവാഹബന്ധമായതിനാലും വിവാഹമോചനത്തിനൊരുങ്ങിയാൽ ബൈറൺ വൻതുക നൽകേണ്ടതായി വരും.