
സഹപ്രവർത്തകയുമായി റൊമാൻസ്; ക്യാമറയിൽ കുടുങ്ങിയ അസ്ട്രോണമർ സിഇഒ രാജി വച്ചു
ന്യൂയോർക്ക്: കോൾഡ് പ്ലേ സംഗീത പരിപാടിക്കിടെ സഹപ്രവർത്തകയ്ക്കൊപ്പം ക്യാമറയിൽ കുടുങ്ങിയ ഡേറ്റ ഇൻഫ്രാസ്ട്രക്ചർ കമ്പനി അസ്ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജി വച്ചു. സംഭവം വിവാദമായതിനു പിന്നാലെയാമ് രാജി. ബോസ്റ്റണിൽ കോൾഡ് പ്ലേ സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയ ബൈറണും സഹപ്രവർത്തകയും കമ്പനി എച്ച് ആറുമായ ക്രിസ്റ്റിൻ കാബട്ടുമായി അടുത്തിടപഴകുന്നതിനിടെയാണ് ക്യാമറയിൽ കുടുങ്ങിയത്.
സംസ്കാരത്തിനും മൂല്യമങ്ങൾക്കുമാണ് കമ്പനി പ്രാധാന്യം കൊടുക്കുന്നതെന്നും അതു കൊണ്ടു തന്നെ തങ്ങളുടെ നേതാക്കൾ അക്കാര്യത്തിൽ നിലവാരം ഉറപ്പാക്കേണ്ടതാണെന്നും അടുത്തിടെ അതു ലംഘിക്കപ്പെട്ടുവെന്നും അസ്ട്രോണമർ കമ്പനി ഔദ്യോഗികമായി വ്യക്തമാക്കി. ആൻഡി ബൈറന്‍റെ രാജി ഡയറക്റ്റർ ബോർഡ് സ്വീകരിച്ചതായും വൈകാതെ അടുത്ത സിഇയെ കണ്ടെത്തുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ക്യാമറ കണ്ട പാടേ ബൈറൺ കുനിഞ്ഞിരിക്കുന്നതും മുഖം മറക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാദമായതോടെ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
ബൈറണും ക്രിസ്റ്റിൻ കബോട്ടുമായി അടുപ്പത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഇരുവരും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ സംഗീത പരിപാടിക്കിടെ ക്യാമറയിൽ നിന്ന് ഒളിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളാണ് കാര്യം കൂടുതൽ വഷളാക്കിയത്. ഇരുവരും പെട്ടെന്ന് മുഖം മറച്ചതോടെ ഗായകൻ ക്രിസ് മാർട്ടിൻ ഇവരെക്കുറിച്ച് പരാമർശിച്ച് സംസാരിക്കുകയും ചെയ്തു.