
കൂലിയിൽ രജനികാന്ത് വാങ്ങിയത് 200 കോടി, തൊട്ടു പിന്നാലെ ലോകേഷ്; സൗബിന്‍റെ പ്രതിഫലമറിയാം!!
രാജ‍്യമൊട്ടാകെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ സുപ്പർസ്റ്റാർ രജനികാന്ത് നായക വേഷത്തിലെത്തുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. ഓഗസ്റ്റ് 14നാണ് ചിത്രം തിയെറ്ററിലെത്തുന്നത്. റിലീസിനു മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു.
രജനികാന്ത്, ആമിർ ഖാൻ ഉൾപ്പെടെയുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എന്നാൽ കൂലിയിലെ അഭിനേതാക്കളുടെ പ്രതിഫലമാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ചർച്ചാ വിഷയം. തന്‍റെ 171ാം ചിത്രത്തിന് രജനികാന്ത് 200 കോടി രൂപ വാങ്ങിയെന്നാണ് ഒരു ദേശീയ മാധ‍്യമം റിപ്പോർട്ട് ചെയ്തത്. എന്നാൽ നേരത്തെ പ്രതിഫലം 150 കോടിയായിരുന്നുവെന്നും പിന്നീട് അഡ്വാൻസ് ബുക്കിങ്ങിൽ കുതിപ്പുണ്ടാക്കി റെക്കോഡ് നേടിയ ശേഷം പ്രതിഫലം ഉയർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബോളിവുഡ് താരം ആമിർ ഖാന് 20 കോടിയും നാഗാർജുനയ്ക്ക് 10 കോടിയുമാണ് പ്രതിഫലമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സത‍്യരാജിന് അഞ്ചും ഉപേന്ദ്രയ്ക്ക് നാലു കോടി രൂപയുമാണ് പ്രതിഫലം. പ്രീതിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി ഹാസന് നാലുകോടി രൂപയും പൂജ ഹെഗ്ഡെയ്ക്ക് മൂന്നു കോടിയും പ്രതിഫലമായി ലഭിച്ചു.
അതേസമയം സംവിധായകൻ ലോകേഷ് കനകരാജിന് 50 കോടിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 15 കോടിയുമാണ് പ്രതിഫലം. മലയാളി താരം സൗബിൻ ഷാഹിറിനാണ് ചിത്രത്തിൽ ഏറ്റവും കുറവ് പ്രതിഫലം. ഒരു കോടി രൂപയാണ് സൗബിന് പ്രതിഫലമായി ലഭിച്ചത്.