
രജനികാന്ത് ചിത്രത്തിന് ഹിന്ദിയിൽ പേര് മാറ്റി; ട്രോളുമായി ആരാധകർ
ചെന്നൈ: ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി വേഷമിട്ട് ഓഗസ്റ്റ് 14ന് തിയെറ്റർ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കൂലി'. രജനികാന്തിന്‍റെ 171-ാമത്തെ ചിത്രമെന്ന പ്രത‍്യേകതയും കൂലിക്കുണ്ട്. വിജയ്ക്കും ഉലഗ നായകൻ കമൽ ഹാസനും ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ശേഷമാണ് ഇത്തവണ രജനിക്കൊപ്പമുള്ള ലോകേഷിന്‍റെ കൂട്ടുകെട്ട്.
എന്നാലിപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന് പേര് മാറ്റിയതിനെതിരേ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. കൂലി എന്നത് ഹിന്ദിയിൽ കമ്മ‍്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന പേരല്ലേയെന്നും എന്തിനാണ് ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനായി പേര് മാറ്റിയതെന്നുമാണ് ആരാധകരുടെ ചോദ‍്യം.
ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിനുള്ള പേരു മാറ്റം പ്രേക്ഷകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ കാരണമാകുമെന്നും ഇത് കൂലിയുടെ കളക്ഷനെ ബാധിക്കുമെന്നും ആരാധകർ സാമൂഹിക മാധ‍്യമങ്ങളിൽ കുറിച്ചു. 'മജ്‌ദൂർ' എന്നാണ് ഹിന്ദി പതിപ്പിന് പേര് നൽകിയിരിക്കുന്നത്.
തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ പാൻ ഇന്ത‍്യൻ ചിത്രമായിട്ടായിരിക്കും കൂലി തിയെറ്ററിലെത്തുക. ഇതേ പേരിൽ അമിതാഭ് ബച്ചന്‍റെയും, വരുൺ ധവാന്‍റെയും ചിത്രങ്ങൾ ഉള്ളതിനാലാണ് ഹിന്ദി പതിപ്പിന് പേരു മാറ്റമെന്നാണ് റിപ്പോർട്ട്. രജനികാന്തിനു പുറമെ ശ്രുതി ഹാസൻ, സത‍്യരാജ്, ഉപേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഏകദേശം 250 കോടി രൂപ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.