
രജിനിയുടെ പവർ ഹൗസ്; ഒടിടി റിലീസിനൊരുങ്ങി 'കൂലി'
കോളിവുഡിൽ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജിനികാന്ത് നായകവേഷത്തിലെത്തി അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് കൂലി. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
രജിനികാന്തിന്‍റെ 171-ാം ചിത്രമായ കൂലി ആഗോള ബോക്സ് ഓഫിസിൽ 500 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ഇപ്പോഴിതാ തിയെറ്ററിൽ നിറഞ്ഞാടിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.
സെപ്റ്റംബർ 11ന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈമാണ് ചിത്രത്തിന്‍റെ സ്ട്രീമിങ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് ഔദ‍്യോഗിക സ്ഥിരീകരണം ഇതുവരെയില്ല.
രജിനികാന്തിനു പുറമെ നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ആമിർ ഖാൻ, സത‍്യരാജ്, ശ്രുതി ഹാസൻ എന്നിങ്ങനെ വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ആദ‍്യ ചിത്രമാണ് കൂലി.