'സണ്ടിയാർ' എന്ന പേരിൽ പുറത്തിറക്കാൻ അനുവദിക്കില്ല; കമൽ ഹാസൻ ചിത്രത്തിന്‍റെ പേരിനെ ചൊല്ലി വിവാദം, എതിർപ്പുമായി ദളിത് പാർട്ടി

ദളിത് പാർട്ടിയായ പുതിയ തമിഴകമാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്
Dalit party opposes Kamal Haasan's film; will not allow release under the name 'Sandiyar'

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Updated on: 

ഉലകനായകൻ കമൽ ഹാസന്‍റെ പുതിയ ചിത്രം വിവാദത്തിൽ. 'സണ്ടിയാർ' എന്ന പേരിനെതിരേയാണ് പ്രതിഷേധം. ഈ പേരിൽ ചിത്രം ഇറക്കാൻ അനുവദിക്കില്ലെന്ന് ദളിത് പാർട്ടിയായ പുതിയ തമിഴകം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്‍റെ പേര് ജാതി അതിക്രമങ്ങളെ മഹത്വവത്കരിക്കുന്നതാണെന്നാണ് ദളിത് സംഘടനകളുടെ ആക്ഷേപം.

തമിഴ്നാട്ടിലെ ഒരു തിയെറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പുതിയ തമിഴകം നേതാവ് ഡോ. കെ. കൃഷ്ണസ്വാമി മുന്നറിയിപ്പ് നൽകി. ദക്ഷിണ തമിഴ്നാട്ടിൽ പ്രബല സമുദായത്തിൽപ്പെട്ട ആളുകൾക്കിടയിൽ ഗുണ്ടകളായുള്ള അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവവരെ വലിയ വീരന്മാരായി ചിത്രീകരിക്കുന്ന പേരാണ് സണ്ടിയാരെന്നായിരുന്നു നേരത്തെ വിവാദമുണ്ടായപ്പോൾ കൃഷ്ണസ്വാമി പ്രതികരിച്ചത്.

ചിത്രത്തിന്‍റെ നിർമാതാക്കളായ കമൽ ഹാസന്‍റെ രാജ് കമൽ ഫിലിംസ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 2003ൽ കമൽ ഹാസൻ സംവിധാനം ചെയ്ത് അഭിനയിച്ച വിരുമാണ്ടി എന്ന ചിത്രത്തിന് സണ്ടിയാർ എന്നായിരുന്നു ആദ‍്യം പേരിട്ടിരുന്നത്. പിന്നീട് പ്രതിഷേധങ്ങളെത്തുടർന്ന് പേര് മാറ്റുകയായിരുന്നു. ഇതിനു പിന്നാലെയാണ് വർഷങ്ങൾക്ക് ശേഷം സണ്ടിയാർ എന്ന പേരിനെ ചൊല്ലി വീണ്ടും വിവാദമുണ്ടായിരിക്കുന്നത്. എസ്.യു. അരുൺകുമാറാണ് സണ്ടിയാർ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം ചിത്രം തിയെറ്ററിലെത്തുമെന്നാണ് വിവരം.