

കരിഷ്മ കപൂർ
മുംബൈ: നൃത്തം തന്നെ മികച്ചൊരു നർത്തകിയാക്കി മാറ്റിയതിനു പുറമെ അഭിനേത്രിയെന്ന നിലയിലും കൂടുതൽ ഭാവപ്രകടനം നടത്താൻ സഹായിച്ചുവെന്ന് ബോളിവുഡ് താരം കരിഷ്മ കപൂർ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ.
51കാരിയായ കരിഷ്മ ടെലിവിഷൻ റിയാലിറ്റി ഷോയായ 'ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ സീസൺ 5'-ൽ വിധികർത്താവായി തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ. 1990കളിൽ 'ലെ ഗയി', 'സോണാ കിത്നാ സോണാ ഹൈ', 'മൈൻ തോ റാസ്തേ സെ ജാ രഹാ ഥാ', 'ഹുസ്ന് ഹൈ സുഹാനാ' തുടങ്ങിയ ഗാനങ്ങളിലെ ഊർജസ്വലവും ഭാവസമ്പന്നവുമായ നൃത്തത്തിലൂടെയാണ് കരിഷ്മ ശ്രദ്ധേയയായത്. "ഒരു നല്ല നർത്തകിയാകണമെങ്കിൽ ഭാവപ്രകടനം നിർണായകമാണ്. നൃത്തം യന്ത്രസമാനമായ ചലനങ്ങൾ മാത്രമല്ല. ഏത് നൃത്തശൈലിയായാലും വികാരങ്ങൾ പ്രകടിപ്പിക്കണം. അതാണ് അഭിനയത്തിലും ഗാനരംഗങ്ങളിലും എനിക്ക് വലിയ സഹായമായത്"- കരിഷ്മ പറയുന്നു.
നൃത്തം തന്നെ ജനപ്രിയയാക്കിയെങ്കിലും, 'ഫിസ', 'സുബൈദ', 'ശക്തി', 'ബീവി നമ്പർ 1' തുടങ്ങിയ ചിത്രങ്ങളാണ് തന്‍റെ അഭിനയശേഷി തെളിയിച്ചതെന്നും താരം പറഞ്ഞു. "ആ സിനിമകളെല്ലാം എന്‍റെ കരിയറിലെ പ്രധാന നാഴികക്കല്ലുകളാണ്. എനിക്ക് നൃത്തവും അഭിനയവും ഒരുപോലെ ചെയ്യാനാകുമെന്ന് അവ തെളിയിച്ചു. അവയെല്ലാം എന്‍റെ ഹൃദയത്തോട് ചേർന്നവയാണ്"- കരിഷ്മ കൂട്ടിച്ചേർത്തു.
ഭരതനാട്യം, കഥക്, പിന്നീട് ജാസ് എന്നിവയിൽ ബാല്യകാലം മുതൽ പരിശീലനം നേടിയതാണ് നൃത്തത്തോടുള്ള ഇഷ്ടം വളർത്തിയതെന്നും അവർ പറഞ്ഞു. "നൃത്തക്ലാസുകളിൽ പോകുന്നത് എനിക്ക് ഏറെ ഇഷ്ടമായിരുന്നു. അഭിനയവും നൃത്തവും കലാസംബന്ധമായ എല്ലാ കാര്യങ്ങളും എനിക്ക് പ്രിയപ്പെട്ടതായിരുന്നു"- കരിഷ്മ പറഞ്ഞു.
ബോളിവുഡ് നൃത്തശൈലി രൂപപ്പെടുത്തുന്നതിൽ അന്തരിച്ച പ്രശസ്ത നൃത്തസംവിധായിക സരോജ് ഖാൻ വലിയ പങ്കുവഹിച്ചതായും താരം ഓർമ്മിച്ചു. "സരോജ് ഖാൻജി' എന്‍റെ ഗുരുവായിരുന്നു. അവരുടെ ക്ലാസുകളിൽ ഞാൻ പരിശീലനം നേടിയിട്ടുണ്ട്. മാധുരി ദീക്ഷിത്തും സഞ്ജയ് ദത്തും അഭിനയിച്ച 'തമ്മാ തമ്മാ' എന്ന ഗാനത്തിന്‍റെ നൃത്തച്ചുവടുകൾ പോലും അവർ എനിക്ക് പഠിപ്പിച്ചിരുന്നു"- കരിഷ്മ പറഞ്ഞു.
1997ൽ പുറത്തിറങ്ങിയ 'ദിൽ തോ പാഗൽ ഹൈ' എന്ന ചിത്രത്തിലെ 'ഡാൻസ് ഓഫ് എൻവി' എന്ന ഗാനരംഗം തന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ നൃത്താവതരണങ്ങളിലൊന്നായിരുന്നുവെന്നും അവർ പറഞ്ഞു. "മാധുരി ദീക്ഷിത്തിനെ ഞാൻ ആരാധിച്ചിരുന്ന ആളാണ്. പിന്നീട് അവരോടൊപ്പം അഭിനയിക്കുകയും മത്സരാത്മകമായ നൃത്തരംഗത്തിൽ അവരെ നേരിടുകയും ചെയ്യേണ്ടി വന്നു. ഒരുവശത്ത് ആരാധനയും മറുവശത്ത് മത്സരിക്കുന്ന കഥാപാത്രത്തിന്‍റെ ഭാവവും പ്രകടിപ്പിക്കേണ്ടി വന്നത് വലിയ വെല്ലുവിളിയായിരുന്നു"- കരിഷ്മ പറഞ്ഞു.
'ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ' പരിപാടിയിൽ വിധികർത്താവാകുന്നത് യുവപ്രതിഭകളെ കാണാനും അവരുടെ വളർച്ച മനസിലാക്കാനുമുള്ള അവസരമാണെന്നും, റിയാലിറ്റി ഷോകളിലൂടെ നൃത്തം ഏറെ മാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സോണി എന്‍റർടെയിൻമെന്‍റ് ടെലിവിഷനിലും സോണി ലിവിലും ജൂണിൽ ആരംഭിച്ച പരിപാടിയിൽ ഗീത കപൂർ, ടെറൻസ് ലൂയിസ്, ജാവേദ് ജാഫ്രി എന്നിവരാണ് മറ്റ് വിധികർത്താക്കൾ.