

ഡിസിയിൽ വാമിഖ ഗബ്ബി
ലോകേഷ് കനകരാജ് നായകനായി എത്തിയ ഡിസി തിയെറ്ററിൽ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. അടുത്തിടെ ചിത്രത്തിന്‍റെ നിർമാതാക്കൾ ഡിസിയുടെ നായകനും അണിയറ പ്രവർത്തകർക്കും പുത്തൻ ബിഎംഡബ്ല്യൂ സമ്മാനിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ നായികയായ വാമിഖ ഗബ്ബിയ്ക്ക് നിർമാതാക്കൾ ബിഎംഡബ്ല്യൂ സമ്മാനിക്കാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.
സംവിധായകൻ അരുൺ മാതേശ്വരൻ, നായകൻ ലോകേഷ് കനകരാജ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്ക് നിർമാതാവ് കലാനിധി മാരൻ ബിഎംഡബ്ല്യൂ സമ്മാനിക്കുന്നതിന്‍റെ വിഡിയോ ആണ് പുറത്തുവന്നത്. പിന്നാലെ ചിത്രത്തിലെ വാമിഖ ഗബ്ബിയെ ഒഴിവാക്കിയതിൽ വിമർശനവുമായി ആരാധകർ രംഗത്തെത്തുകയായിരുന്നു. ചിത്രത്തിൽ നായകനെപ്പോലെ ഗംഭീര പ്രകടനമാണ് വാമിഖ കാഴ്ചവച്ചതെന്നും എന്നിട്ടും നടിയെ ഒഴിവാക്കിയത് എന്തിനാണ് എന്നാണ് ആരാധകരുടെ ചോദ്യം.
പുത്തൻ ബിഎംഡബ്ല്യൂ അല്ല പ്രൈവറ്റ് ജെറ്റാണ് വാമിഖയ്ക്ക് നൽകേണ്ടത് എന്നായിരുന്നു ഒരാളുടെ കമന്‍റ്. സിനിമ ഹിറ്റായാലും നടിമാരെ അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും നടന്മാർക്ക് മാത്രം സമ്മാനങ്ങൾ നൽകുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കുന്നുണ്ട്. നായകനേക്കാൾ പ്രാധാന്യം ചിത്രത്തിൽ വാമിഖയ്ക്കുണ്ടെന്നും അവർക്കും കാർ നൽകേണ്ടതായിരുന്നെന്നുമാണ് കമന്‍റുകൾ.