

ധർമേന്ദ്ര
മുംബൈ: 1935 ൽ പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച ധരംസിങ് ഡിയോൾ എന്ന ധർമേന്ദ്ര ആറ് പതിറ്റാണ്ടുകളോളമാണ് ബോളിവുഡിന്‍റെ തലപ്പത്ത് നായക വേഷങ്ങൾ പകർന്നാടിയത്. അക്കാലമത്രയും കാണാത്ത കാമുക ഭാവങ്ങളെ വെളളിത്തിരയിൽ അഭിനയിച്ച് ഫലിപ്പിച്ചപ്പോൾ അത് അന്നത്തെ യുവത്വം ആഘോഷപൂർവം കൊണ്ടാടി.
ഷോലെ, ചുപ്കേ ചുപ്കേ എന്നി ക്ലാസിക് ചിത്രങ്ങളിലെ ധർമേന്ദ്രയുടെ വിസ്മയിപ്പിക്കുന്ന അഭിനയം സിനിമപ്രേമികളെ കോരിത്തരിപ്പിച്ചുവെന്ന് പറയാം.
പിന്നീടിങ്ങോട്ട് ധർമേന്ദ്രയുടെ കാലമായിരുന്നു. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ, ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചാണ് ധർമേന്ദ്ര തന്‍റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ബോളിവുഡിന്‍റെ തലപ്പത്ത് ധർമേന്ദ്ര തന്‍റെ സ്ഥാനം ഉറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറ സാന്നിധ്യം. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര വെളളിത്തിര അടക്കിവാണു.
ബോളിവുഡിന്‍റെ ‘ഹീ-മാൻ,’ ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിൽ 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിന്‍റെ റെക്കോർഡും ധർമേന്ദ്രയുടെ പേരിലാണ്. 1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എക്കാലത്തെയും റെക്കോർഡാണ്.
ആംഖേ, ശിക്കാർ, ആയാ സാവൻ ഝൂം കെ, ജീവൻ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔർ ഗീത, രാജാ ജാനി, ജുഗ്നു, യാദോം കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാൻ-ഇ-ജംഗ്, തഹൽക്ക, അൻപഠ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്‌ലി ദീദി, സത്യകം, നയാ സമാനാ, സമാധി, ദോ ദിശായേം, ഹത്യാർ തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്.
1990കളുടെ അവസാനവും നിരവധി ക്യാരക്ടർ റോളുകളിൽ ധർമേന്ദ്രയെ തേടി എത്തി. 1997ൽ ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു. 2012ൽ, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി രാജ്യം ധർമേന്ദ്രയെ ആദരിച്ചു. നടനും അപ്പുറം മികച്ച സാമൂഹ്യപ്രവർത്തകൻ, രാഷ്ട്രീയ നേതാവ് തുടങ്ങിയ മേഖലകളിലും ശോഭിച്ചു. ഇതിനിടെ പാർലമെന്‍റ് അംഗമായും ധർമേന്ദ്ര തെരഞ്ഞെടുക്കപ്പെട്ടു.
1954ൽ പ്രകാശ് കൗറിനെ വിവാഹം കഴിച്ചുവെങ്കിലും, പിന്നീട് നടിയും എംപിയുമായ ഹേമമാലിനിയെയും ഇദ്ദേഹം കൂടെകൂട്ടി. ഈ വിവാഹം വളരെയേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവർ ഉൾപ്പെടെ 6 മക്കളാണ് ഉള്ളത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച അമിതാഭ് ബച്ചന്‍റെ ചെറുമകൻ അഗസ്ത്യ നന്ദ പ്രധാന വേഷത്തിൽ എത്തുന്ന ഇക്കിസ അടുത്തമാസം 25ന് റിലീസ് ചെയ്യാനിരിക്കെയാണ് ധർമേന്ദ്രയുടെ വിട വാങ്ങൽ.