

ശ്രീനിവാസൻ പറഞ്ഞ പോലെ നടിക്കൊപ്പം ക്യാമറയും കുളത്തിലേക്ക് ചാടി! വൈറലായി ധൂമകേതു അണ്ടർവാട്ടർ ഷൂട്ട്|Video
ശ്രീനിവാസന്‍റെ പ്രശസ്തമായ ഡയലോഗ് ഒടുവിൽ നടപ്പിലാക്കി ധൂമകേതു' ടീം. 'നടിക്കൊപ്പം ക്യാമറയും കുളത്തിലേക്ക് ചാടുന്ന അണ്ടർവാട്ടർ ഷൂട്ടിന്‍റെ ബിടിഎസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നിഖില വിമലിന്‍റെ അണ്ടർ വാട്ടർ ഷൂട്ട് ഇൻസ്റ്റഗ്രാമിലൂടെ ഛായാഗ്രാഹകൻ ഷൈജു ഖാലിദ് ആണ് പങ്കുവെച്ചിരിക്കുന്നത്.
'സൂക്ഷ്മദർശിനി' എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'ധൂമകേതു'. സജിൻ ഗോപുവും നിഖില വിമലും ഒപ്പം ഷൈൻ ടോം ചാക്കോയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ സംവിധായകൻ സുധി മാഡിസൺ ആണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ്.
മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്.