500 ലിറ്റർ പെട്രോൾ, 25 കിലോ വെടിമരുന്ന്; ധുരന്ധർ 2 ക്ലൈമാക്സിലെ ആ പൊട്ടിത്തെറി റിയൽ

പൊട്ടിത്തെറിക്ക് കംപ്യൂട്ടർ നിർമിതമായ എഫക്റ്റ് ഉപയോഗിക്കരുതെന്ന് ആദിത്യ ധറിന് നിർബന്ധമുണ്ടായിരുന്നു
Dhurandhar 2 Explosion Climax behind the scene

500 ലിറ്റർ പെട്രോൾ, 25 കിലോ വെടിമരുന്ന്; ധുരന്ധർ 2 ക്ലൈമാക്സിലെ ആ പൊട്ടിത്തെറി റിയൽ

Updated on

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ധുരന്ധർ: ദി റിവഞ്ച്. ചിത്രം വൻ തരംഗമാണ് ഇന്ത്യൻ ബോക്സ് ഓഫിസിൽ തീർത്തത്. ഇപ്പോൾ ചിത്രത്തിലെ ക്ലൈമാക്സ് സീനിന്‍റെ ഷൂട്ടിങ്ങിനെക്കുറിച്ചുള്ള അണിയറ പ്രവർത്തകന്‍റെ വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്. ക്ലൈമാക്സിലെ വമ്പൻ പൊട്ടിത്തെറി സിജിഐ അല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എസ്എഫ്എക്സ് സൂപ്പർവൈസർ വിശാൽ ത്യാഗി.

500 ലിറ്റർ പെട്രോൾ ഉപയോഗിച്ചാണ് പൊട്ടിത്തെറി സൃഷ്ടിച്ചത് എന്നാണ് വിശാൽ പറയുന്നത്. പൊട്ടിത്തെറിക്ക് കംപ്യൂട്ടർ നിർമിതമായ എഫക്റ്റ് ഉപയോഗിക്കരുതെന്ന് ആദിത്യ ധറിന് നിർബന്ധമുണ്ടായിരുന്നു എന്നാണ് വിശാൽ പറയുന്നത്. അവസാനത്തെ പൊട്ടിത്തെറിയായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത്. അതിൽ ഏറ്റവും പ്രശ്നമായത് സുരക്ഷാ പ്രശ്നങ്ങളായിരുന്നു. 500 ലിറ്റർ പെട്രോൾ എന്ന് പറയുമ്പോൾ നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ. പൊട്ടിത്തെറിയിലുണ്ടായ എല്ലാ തീപിടുത്തങ്ങളും യഥാർഥമായിരുന്നു. ഇതിന് ഏറ്റവും അടുത്തായാണ് രൺവീർ നടന്നിരുന്നത്. രൺവീറിന് അടുത്തേക്ക് തീ എത്തുന്നില്ലെന്ന് എനിക്ക് ഉറപ്പുവരുത്തണമായിരുന്നു. - വിശാൽ വ്യക്തമാക്കി.

ഈ സീനിൽ ആദ്യം അർജുൻ രാംപാലിനേയും ഉൾപ്പെടുത്തിയിരുന്നെന്നും സുരക്ഷാ പ്രശ്നങ്ങൾ കാരണം അവസാനം ഒഴിവാക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. രൺവീറിന്‍റെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും എന്നാൽ രൺവീർ വളരെ ശാന്തനായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. 250 ലിറ്റർ പെട്രോൾ ഉപയോഗിക്കാനാണ് നിർമാതാക്കൾ പറഞ്ഞത്. 500 ലിറ്റർ ആവശ്യമുണ്ടെന്ന് നിർബന്ധം പിടിച്ചത് ഞാനാണ്. അങ്ങനെയൊരു പൊട്ടിത്തെറിക്കായി 25 കിലോ വെടിമരുന്നും ഉപയോഗിക്കേണ്ടിവന്നു.- വിശാൽ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com