"ഒരിക്കലും ആകാന്‍ ആഗ്രഹിക്കാത്ത അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഞാന്‍ ഇവിടെ രാജിവയ്ക്കുന്നു"; പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ

"ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് നവ്യ വരണം"
dhyan-sreenivasan-rejects-amma-president-role

ധ്യാൻ ശ്രീനിവാസൻ

Updated on

താരസംഘടനയായ അമ്മ നേതൃത്വത്തിലേക്കില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. താൻ അമ്മയിലെക്ക് വരണമെന്ന് പലയിടങ്ങളിൽ നിന്നും ആവശ്യമുയർന്നെന്നും എന്നാൽ അതിനില്ലെന്നും ധ്യാൻ പ്രതികരിച്ചു. വിസിറ്റർ എന്ന പുതിയ ചിത്രത്തിന്‍റെ സ്വിച്ച് ഓൺ പരിപാടിക്കിടെയായിരുന്നു ധ്യാനിന്‍റെ പ്രതികരണം. തമാശരൂപേണയാണ് ധ്യാൻ വിഷയത്തിൽ പ്രതികരണം നടത്തിയത്.

"വിജയ് സിഎം ആയപ്പോള്‍ അടുത്ത 15 വര്‍ഷത്തേക്ക് സിഎം ആവാനുള്ള തയ്യാറെടുപ്പിലാണെന്ന് അജുവിനോട് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ നില്‍ക്കുമ്പോള്‍ അജു എന്നെ വിളിച്ച് പറഞ്ഞു, നീ സിഎം ആവണ്ട, അതിന് മുന്‍പ് ഒരു തുടക്കം എന്ന നിലയില്‍ അമ്മയുടെ പ്രസിഡന്‍റ് ആവെന്ന്. ആ സമയത്ത് വിജയ് ഒക്കെ ചെയ്തതു പോലെ ചാരിറ്റിയൊക്കെ ചെയ്ത് പതിയെ പതിയെ സിഎം ആവാം എന്നും. അപ്പോള്‍ നാട്ടില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ഞാന്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വരുന്നു എന്നൊക്കെ. അമ്മയിലെ കുറേപ്പേര്‍ എന്നെ പ്രസിഡന്‍റ് ആക്കാനുള്ള ശ്രമം നടത്തി.

ഇതിനിടെ അ‍യർലാൻഡിൽ നിൽക്കുമ്പോൾ ഒരു വാർത്ത കണ്ടു. ഞാൻ അമ്മയുടെ പ്രസിഡന്‍റാവാനുള്ള സന്നദ്ധത അറിയിച്ചെന്ന്. ഞാനറിഞ്ഞില്ലാട്ടോ. അജു പിന്നെയും വിളിച്ച് പറഞ്ഞു. നീ അമ്മയുടെ പ്രസിഡന്‍റാവണ്ട, ഇവിടെ മുഴുവൻ പ്രശ്നമാണെന്ന്. ശരിക്കും അവനാണ് പവർ ഗ്രൂപ്പ്. നീ സിഎമ്മും ആവണ്ട, പകരം ഗവർണറായാൽ മതിയെന്നാണ് അജു പറഞ്ഞത്. അതാകുമ്പോ പ്രത്യേക പണിയൊന്നും ഇല്ലെന്ന്.

അതിനിടെ എന്‍റെ അമ്മ പറഞ്ഞു, മോനേ നീ അമ്മയുടെ പ്രസിഡന്‍റ് ആവാന്‍ പോകുന്നെന്ന് കേട്ടു. അത് ഒരിക്കലും പാടില്ല. അച്ഛന്‍ ആ സ്ഥാനത്തേക്ക് ഒരിക്കലും വരാതിരുന്നതിനുള്ള കാരണം സ്ട്രെയ്റ്റ് ഫോര്‍വേഡ് ആയിട്ടുള്ള ആളുകള്‍ക്ക് അത് പറ്റില്ല എന്നുള്ളതുകൊണ്ടാണ്. നിനക്കും അത് പറ്റില്ല. അതുകൊണ്ട് പോവരുതെന്ന്. ഒരിക്കലും ആകാന്‍ ആഗ്രഹിക്കാത്ത അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഞാന്‍ ഇവിടെ രാജി വെക്കുകയാണ്.

എന്‍റെ ഇന്‍റര്‍വ്യൂ ജീവിതം ആരംഭിക്കുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള മകനായി. എന്നിട്ടാണ് ഞങ്ങള്‍ അവസാനം ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാല്‍പ്പോലും ഞാന്‍ പറയുന്നു, ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് നവ്യ വരണം" എന്നും ധ്യാൻ പ്രതികരിച്ചു. സദസിൽ നിറഞ്ഞ കൈയടിയാണ് ധ്യാനിന് ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com