
ധ്യാൻ ശ്രീനിവാസൻ
ബിഗ്ബോസ് താരം ശോഭ വിശ്വനാഥിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ. ഒരു സ്വകാര്യ ഫാഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോൾ ധ്യാൻ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശോഭ വിശ്വനാഥും ലക്ഷ്മി നക്ഷത്രയുമായിരുന്നു ഷോയിലെ വിധികർത്താക്കൾ. മത്സരാർഥികളിൽ ഒരാളോട് കാവ്യാ മാധവനെയാണോ മഞ്ജു വാര്യരെയാണോ തെരഞ്ഞെടുക്കുക എന്ന് ശോഭ വിശ്വനാഥൻ ചോദിച്ചിരുന്നു. ഇതിനെയാണ് ധ്യാൻ പരിപാടിക്കു ശേഷം സ്റ്റേജിൽ വച്ചു തന്നെ വിമർശിച്ചത്.
ഈ ചോദ്യത്തിനു ശേഷം വേണമെങ്കിൽ ദിലീപ് ഓർ പൾസർ സുനി എന്ന ചോദ്യം കൂടി ചോദിക്കാമായിരുന്നു എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. എന്നാൽ ചോദ്യം തയാറാക്കിയത് ഫാഷൻ ഷോ ടീമാണെന്നും തന്നെ കുറ്റപ്പെടുത്തരുതെന്നും ശോഭ ചോദ്യത്തിനു തൊട്ടു പുറകേ തന്നെ വിശദമാക്കുന്നുണ്ട്.
രണ്ടു പേരിൽ ഒരാളെ തെരഞ്ഞെടുക്കാൻ സാധിക്കില്ലെന്നും അവർ രണ്ടു പേരും അവരുടേതായ രീതിയിൽ മികച്ച വ്യക്തികളാണെന്നും അവരെ വിധിക്കാൻ ഞാനോ നിങ്ങളോ ആരുമല്ലെന്നുമാണ് മത്സരാർഥി നൽകിയ മറുപടി. തുടർച്ചയായി നിർബന്ധിക്കുമ്പോൾ മഞ്ജുവാര്യരാണ് തന്‍റെ ഫേവറിറ്റ് എന്നും വ്യക്തമാക്കുന്നുണ്ട്.