പരിഹാസം ഭയന്ന് സ്വന്തം വിവാഹത്തിന് എത്തിയില്ല, വധു സഹോദരന്‍റെ ഭാര്യയായി; വെളിപ്പെടുത്തലുമായി ശക്തിമാൻ താരം

ഈ ഉയരം വച്ച് മകൻ ഇരന്നു ജീവിക്കേണ്ടി വരുമെന്നാണ് അയൽക്കാരും ബന്ധുക്കളും മാതാപിതാക്കളോട് പറഞ്ഞിരുന്നത്
Did not attend his own wedding for fear of ridicule; the bride ended up marrying his brother—'Shaktimaan' star makes the revelation

കെ.കെ. ഗോസ്വാമി

Updated on: 

കുട്ടിക്കാലം മുതൽ നേരിടുന്ന പരിഹാസത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാ‍ണ് ശക്തിമാൻ എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ കെ.കെ. ഗോസ്വാമി. ഡ്വാർഫിസം ബാധിച്ചതു മൂലം ഉയരം കുറഞ്ഞു പോയതിന്‍റെ പേരിൽ കുട്ടിക്കാലം മുതൽ പരിഹാസമേറ്റു വാങ്ങിയിരുന്നുവെന്നാണ് ഗോസ്വാമി പറയുന്നത്. ഒരിക്കൽ വെളിയിൽ വച്ച് ഒരു നടനോട് സംസാരിച്ചു കൊണ്ടു നിന്നപ്പോൾ തന്നെ കളിയാക്കിയ സുഹൃത്തുക്കൾ തന്നെ ബഹുമാനത്തോടെ പെരുമാറി, അതോടെയാണ് നടനാകണമെന്ന ആഗ്രഹം ഉണ്ടായതെന്നാണ് ‌താരം പറയുന്നത്.

ഗോസ്വാമിയുടെ അച്ഛൻ ഒരു നാടക സംവിധായകനായിരുന്നു. ആറാം ക്ലാസു വരെ മറ്റെല്ലാവരെയും പോലെ സാധാരണ കുട്ടിയാണ് താനെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഹൈസ്കൂളിൽ എത്തിയതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. പൊക്കക്കുറവിന്‍റെ പേരിൽ സ്കൂളിൽ സ്ഥിരമായി പരിഹസിക്കപ്പെടുമായിരുന്നു. വിദ്യാർഥികൾ ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഒരിക്കൽ അതു നേരിട്ടു കണ്ട പ്രധാന അധ്യാപകൻ കർശനമായ താക്കീത് നൽകുകയായിരുന്നുവെന്നും താരം പറയുന്നു. പക്ഷേ തുടർച്ചയായുള്ള പരിഹാസം പഠനത്തോടുള്ള താത്പര്യം കുറച്ചു. അതോടെ പഠനം ഉപേക്ഷിച്ച് ഫോട്ടൊഗ്രഫിയിലേക്ക് ചേക്കേറി. പുറത്തുള്ള സമൂഹവും ഒട്ടും മോശമായിരുന്നില്ല.

ഈ ഉയരം വച്ച് മകൻ ഇരന്നു ജീവിക്കേണ്ടി വരുമെന്നാണ് അയൽക്കാരും ബന്ധുക്കളും തന്‍റെ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്ന് ഗോസ്വാമി. പക്ഷേ അതൊന്നും തന്നെ ബാധിക്കാതിരിക്കാൻ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒരുകാലത്ത് മകൻ വലിയ നടനാകുമെന്നും പ്രശസ്തനാകുമെന്നും അമ്മ ഉറച്ചു വിശ്വസിച്ചിരുന്നു. അങ്ങനെ 1992ൽ മുംബൈയിലെത്തിയ ഗോസ്വാമി സിനിമയിലേക്കെത്തി.

ആദ്യ കാലത്ത് വലിയ ബുദ്ധിമുട്ടായിരുന്നു. ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് ബപ്പി ലാഹിരിയാണ് തന്നെ ഒപ്പം കൂട്ടിയത്. അക്കാലത്ത് ഷോയിൽ പങ്കെടുത്താൽ 500 രൂപ വരെ കിട്ടുമായിരുന്നു.

ജൂനിയർ ജിയിൽ വില്ലനായതോടെയാണ് തലവര മാറിയത്. പിന്നീട് ശക്തിമാൻ, ഷക ലക ബൂം ബൂം, സൺ പാരി തുടങ്ങി നിരവധി ഷോകൾ കിട്ടി.

ടെലിവിഷനിലൂടെ പ്രശസ്തനായെങ്കിലും സമൂഹം തന്നെ മറ്റൊരു രീതിയിലാണ് കണ്ടിരുന്നതെന്ന് ഗോസ്വാമി പറയുന്നു. പലപ്പോഴും തന്നെ കാണുമ്പോൾ ഒരു കാർട്ടൂൺ കഥാപാത്രത്തെ എന്ന പോലെ കുട്ടികൾക്ക് കാണിച്ചു കൊടുക്കുമായിരുന്നു. അവരെപ്പോഴും തന്‍റെ പൊക്കക്കുറവിനെ കളിയാക്കിക്കൊണ്ടിരുന്നു.

താനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഒരു പെൺസുഹൃത്തിനൊട് ഒരിക്കൽ പ്രണയാഭ്യർഥന നടത്തി. എന്നാൽ, അതു തിരസ്കരിക്കുന്നതിനു പകരം അവൾ തന്നെ പരിഹസിക്കുകയായിരുന്നുവെന്നും അതുകൊണ്ട് ഒരിക്കലും വിവാഹം കഴിക്കാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും താരം പറയുന്നു. പക്ഷേ, മാതാപിതാക്കൾ തനിക്ക് നാട്ടിൽ വിവാഹം ഉറപ്പിച്ചു. ആദ്യ വിവാഹം ഉറപ്പിച്ച ദിവസം തനിക്ക് ഷൂട്ടിങ് ഉണ്ടെന്ന് നുണ പറഞ്ഞ് വിവാഹം മുടക്കുകയായിരുന്നു. പക്ഷേ, അച്ഛൻ രണ്ടാമതും വിവാഹം ഉറപ്പിച്ചു. അന്നും ഇതേ കാരണം തന്നെ പറഞ്ഞ് വീട്ടിലെത്തിയില്ല. ആ പെൺകുട്ടിയെ പിന്നീട് തന്‍റെ സഹോദരൻ വിവാഹം കഴിച്ചു.

രണ്ടു തവണ ഇങ്ങനെ സംഭവിച്ചതോടെ മൂന്നാമത്തെ പ്രാവശ്യം അമ്മയ്ക്ക് അസുഖമാണെന്ന് നുണ പറഞ്ഞ് തന്നെ നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് വിവാഹം കഴിപ്പിച്ചതെന്ന് താരം പറയുന്നു. ഇപ്പോൾ തുമ്പഡിന്‍റെ അണിയറപ്രവർത്തകർ നിർമിക്കുന്ന പുതിയ സീരീസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.

logo
Metro Vaartha
www.metrovaartha.com