ഹരികുമാർ
ഹരികുമാർ

സംവിധായകൻ ഹരികുമാർ അന്തരിച്ചു

സുകൃതം, ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.

തിരുവനന്തപുരം: മലയാളത്തിന് ഓട്ടേറെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അന്ത്യം.

ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി. ചൊവ്വാഴ്ച രാവിലെ 11.30ന് മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. 2.30ന് ശാന്തികവാടത്തിലാണ് സംസ്കാരം.

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യ ചെയർമാനായും രണ്ടു തവണ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയിൽ രാമകൃഷ്ണപിള്ള അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകനായ ഹരികുമാർ പത്താം ക്ലാസ് വരെ ഭരതന്നൂർ സ്കൂളിലായിരുന്നു പഠിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ് പഠിച്ചു. അസിസ്റ്റന്‍റ് എൻജിനീയറായി ജോലി കിട്ടി ‍‍‍കൊല്ലത്തെത്തിയപ്പോൾ സംവേദന ഫിലിം ഫോറത്തിന്‍റെ ഭാഗമായി.

പെരുമ്പടം ശ്രീധരന്‍റെ തിരക്കഥയിൽ 1981ൽ പുറത്തിറങ്ങിയ ആമ്പൽപ്പൂവാണ് ഹരികുമാറിന്‍റെ ആദ്യചിത്രം. സദ്ഗമയ, ക്ലിന്‍റ്, എഴുന്നള്ളത്ത്, ജാലകം, ഊഴം ഒരു സ്വകാര്യം, പുലര്‍വെട്ടം, അയനം, പറഞ്ഞു തീരത്ത വിശേഷങ്ങള്‍ എന്നിവയടക്കം 18 ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1994ല്‍ പുറത്തിറക്കിയ സുകൃതത്തിന്‍റെ സംവിധായകൻ എന്ന നിലയിലാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. ദേശീയ പുരസ്കാരങ്ങളടക്കം 42 ചലച്ചിത്ര അവാർഡുകളാണ് സുകൃതം സ്വന്തമാക്കിയത്.

സാഹിത്യകാരൻ എം. മുകുന്ദന്‍റെ രചനയില്‍ സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും അഭിനയിച്ച് 2022ൽ പുറത്തിറങ്ങി ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയാണ് അവസാന ചിത്രം.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ, ജനപ്രതിനിധികൾ, സാഹിത്യ- സാംസ്കാരിക- സിനിമാ പ്രവർത്തകർ എന്നിവർ അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com