Director Shafi, hit director of malayalam film
ഷാഫി

ഷാഫിയുടെ കള്ളന്മാരും ചട്ടമ്പികളും

നർമം പൊതിഞ്ഞ സിനിമകൾ സമ്മാനിക്കാൻ ഇനി ഷാഫിയില്ലെന്നത് മലയാളികൾക്ക് അവിശ്വസനീയമാണ്.

നീതു ചന്ദ്രൻ

നേരം പുലർന്നാൽ രാത്രി വരെ ഓരോ അഞ്ച് മിനിറ്റിനിടയിലുമെന്ന പോലെ സാഹചര്യത്തിനനുസൃതമായ സിനിമാ ഡയലോഗുകൾ തട്ടി വിടുന്നവരാണ് മലയാളികൾ. എത്ര വട്ടം കേട്ടാലും മടുപ്പിക്കാതെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ആ ഡയലോഗുകളിൽ പലതും ഷാഫി എന്ന ഹിറ്റ്മാൻ പടച്ചു വിട്ട കഥാപാത്രങ്ങളുടേതായിരിക്കും. കള്ളന്മാരെയും ചട്ടമ്പികളെയും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ചില്ലറ കള്ളത്തരങ്ങൾ ചെയ്യുന്നവരെയുമെല്ലാം നമുക്കിടയിൽ ജീവിക്കുന്നവരാക്കി മാറ്റിയ മാന്ത്രികൻ. നർമം പൊതിഞ്ഞ സിനിമകൾ സമ്മാനിക്കാൻ ഇനി ഷാഫിയില്ലെന്നത് മലയാളികൾക്ക് അവിശ്വസനീയമാണ്.

എന്നും നർമം

പുല്ലേപ്പടിയിലെ സിനിമാ കുടുംബത്തിൽ നിന്ന് സ്വതന്ത്ര സംവിധായകൻ എന്ന പദവി സ്വന്തമാക്കുന്നതു വരെ നർമം തന്നെയായിരുന്നു റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ മുതൽക്കൂട്ട്. റാഫി - മെക്കാർട്ടിൻ എന്ന ഹിറ്റ് കോംബോയിലെ റാഫിയുടെ സഹോദരനാണ് ഷാഫി; സംവിധായകൻ സിദ്ദിഖ് ഇവരുടെ അമ്മാവനും. ചിരി മേലങ്കിയാക്കിയ സിനിമാ കുടുംബത്തിന്‍റെ പാരമ്പര്യം തന്നെയായിരുന്നു ഷാഫിയുടേതും. റാഫി മെക്കാർട്ടിനൊപ്പം ആദ്യത്തെ കൺമണി എന്ന ജയറാം ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്റ്ററായി കരിയർ ആരംഭിച്ചപ്പോൾ മുതൽ ഷാഫിക്കൊപ്പം പൊട്ടിച്ചിരിയുടെ ഒരു കൂട്ടമുണ്ടായിരുന്നു. ആറു വർഷങ്ങൾക്കു ശേഷം റാഫി മെക്കാർട്ടിന്‍റെ തിരക്കഥയിൽ വൺ മാൻ ഷോ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചതു മുതൽ ആ പൊട്ടിച്ചിരികൾ ഇരട്ടിച്ച് മലയാളികളുടെയെല്ലാം ഹൃദയത്തിലേക്ക് പടർന്നു കയറി. വൺ മാൻ ഷോയിലെ സലിം കുമാർ കഥാപാത്രത്തിന്‍റെ, എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ഡയലോഗ് മാസത്തിലൊരിക്കലെങ്കിലും പറയാത്ത മലയാളികൾ അപൂർവമായിരിക്കും. അവിടെ നിന്നിങ്ങോട്ട് വിരലിലെണ്ണാനാവാത്തത്ര കഥാപാത്രങ്ങളും അതിലേറെ സംഭാഷണങ്ങളുമായി ഷാഫി വിരാജിച്ചു.

കള്ളന്മാരുടെയും തെമ്മാടികളുടെയും കാലം

കള്ളന്മാരും തെമ്മാടികളുമായിരുന്നു ഷാഫിയുടെ സിനിമകളിൽ തോരാതെ ഇടം പിടിച്ചിരുന്നവർ. മമ്മൂട്ടിയും ലാലും രാജൻ പി. ദേവും ചേർന്ന് അതിഗംഭീരമാക്കിയ തൊമ്മനും മക്കളും തന്നെയാണ് ഷാഫിയുടെ കള്ളന്മാരിൽ മുന്നിട്ടു നിൽക്കുന്നത്. നർമത്തിൽ പൊതിഞ്ഞ് ഷാഫി സമ്മാനിച്ച കള്ളന്മാരായ അപ്പന്‍റെയും മക്കളുടെയും കഥ, താഴത്തും തലയിലും വയ്ക്കാതെ ഇപ്പോഴും മലയാളികൾ കൊണ്ടു നടക്കുന്നുണ്ട്. സ്മാർട്ട് ബോയ്സ് മുതലിങ്ങോട്ട് പല ഇംഗ്ലിഷ് പ്രയോഗങ്ങളുടെയും അർഥം തന്നെ മലയാളികൾക്കിടയിൽ മാറ്റിക്കളഞ്ഞ ചിത്രം. അവർക്കൊപ്പം നിഴൽ പോലെ കൂടെ കൂടിയ ആൾമാറാട്ടക്കാരനായ രാജാക്കണ്ണ് എന്ന സലിം കുമാർ കഥാപാത്രത്തിന്‍റെ സംഭാഷണങ്ങളും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

ഷാഫിയുടെ തെമ്മാടികളുടെ കൂട്ടത്തിലും മമ്മൂട്ടി തന്നെയാണ് മുന്നിൽ. റാഫി മെക്കാർട്ടിൽ രചിച്ച മായാവിയിലും ബെന്നി പി. നായരമ്പലം തിരക്കഥ രചിച്ച ചട്ടമ്പിനാടിലും മമ്മൂട്ടി ആദ്യന്തം കസറി. മായാവിയിൽ ജയിലിൽ നിന്ന് നാട്ടിലെത്തുന്ന ഗുണ്ടയാണെങ്കിൽ‌ ചട്ടമ്പിനാട്ടിൽ കർണാടകക്കാരനായ, തല്ലാനും കൊല്ലാനും മടിയില്ലാത്ത മലയാളിയായാണ് മമ്മൂട്ടി നിറഞ്ഞാടിയത്. ഇരു ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ദിലീപ് ചിത്രത്തിൽ, എന്തിനും മടിക്കാത്ത കള്ളനും തെമ്മാടിയുമായെത്തിയത് ബിജു മേനോനായിരുന്നു. അതു വരെയുള്ള പ്രണയനായക ഇമേജെല്ലാം മാറ്റി, നർമത്തെ മറ്റൊരു തലത്തിൽ എത്തിച്ച പ്രകടനമായിരുന്നു ചിത്രത്തിൽ ബിജു മേനോന്‍റേത്. 101 വെഡ്ഡിങ്സ് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലും സമാന കഥാപാത്രവുമായി ബിജു മേനോൻ കളം പിടിച്ചു.

സലിം കുമാറും ഷാഫിയും

ഷാഫി ചിത്രങ്ങളിലെയെല്ലാം മാറ്റമില്ലാത്ത സാനിധ്യമായിരുന്നു സലിം കുമാർ. വൺമാൻഷോ മുതൽ കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാൻ, ഷെർലക് ടോംസ് എന്നിവയിലെല്ലാം സലിം കുമാറിന്‍റെ കഥാപാത്രങ്ങൾ നായകന്മാരെക്കാൾ ഉയരത്തിൽ തന്നെ ഇടം പിടിച്ചു. കല്യാണരാമനിലെ മെൽകൗ മുതൽ അച്ഛനാണത്രേ അച്ഛൻ, ഒടുവിൽ കുറ്റസമ്മതം നടത്തിയല്ലേ.., അവന് പരസ്യമായി ഗുരുപൂജ ചെയ്യണമത്രേ.. തുടങ്ങി അനേകം സംഭാഷണങ്ങൾ ഓരോ ഷാഫി ചിത്രങ്ങളിലും സലിം കുമാറിനു വേണ്ടി തയാറായി.

ഇനിയില്ല ചിരിക്കാലം

ദശമൂലം ദാമു, സ്രാങ്ക്, മണവാളൻ, രാജാക്കണ്ണ്, മിസ്റ്റർ പോഞ്ഞിക്കര തുടങ്ങി നിത്യജീവിതത്തിൽ തന്നെ നിറഞ്ഞു നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾ... സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്‍റ് , ജയറാം, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വലിയൊരു താര നിരയെ വ്യത്യസ്ത ഗെറ്റപ്പുകളിൽ മലയാളികളുടെ മനസിൽ പ്രതിഷ്ഠിച്ചതിനു പിന്നിൽ ഷാഫിയുടെ ചിത്രങ്ങളുണ്ടായിരുന്നു. ആദ്യത്തെ കൺമണി മുതൽ പുതുക്കോട്ടയിലെ പുതുമണവാളൻ, സൂപ്പർമാൻ, ദി കാർ, ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം വരെ ആറ് സിനിമകളിലാണ് ഷാഫി അസിസ്റ്റന്‍റായിരുന്നത്. 2001 മുതൽ 2022 വരെ 17 മലയാളം സിനിമകൾ. മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ തൊമ്മനും മക്കളും തമിഴിൽ റീമേക്ക് ചെയ്തപ്പോഴും സംവിധായകൻ ഷാഫി തന്നെയായിരുന്നു.

തുടർച്ചയായ ഹിറ്റുകൾക്കിടെ 2012ലാണ് ഷാഫിയുടെ കാലിടറിയത്. പിന്നീട് 2015ൽ ദിലീപ് - മംമ്ത കൂട്ടുകെട്ടിൽ ടൂ കൺട്രീസുമായി എത്തി വിജയം കൊയ്തു. 2017ലെ ഷെർലക് ടോംസ് വലിയ പരാജയമായി മാറിയില്ലെങ്കിലും വീണ്ടും സിനിമയിൽ റാഫിയുടെ ഇടവേള നീണ്ടു. 2022ൽ അവസാനമായി ചെയ്ത ആനന്ദം പരമാനന്ദം എന്ന ചിത്രവും വലിയ ഹിറ്റായില്ല. അപ്രതീക്ഷിതമായൊരു പുലർച്ചയിൽ ഷാഫി തന്‍റെ സിനിമകളെയും കഥാപാത്രങ്ങളെയുമെല്ലാം പുറകിൽ ഉപേക്ഷിച്ച് എന്നെന്നേക്കുമായി മടങ്ങുമ്പോഴും, ലോകത്തിന്‍റെ ഏതൊക്കെയോ കോണിലിരുന്ന് നമ്മളിൽ ചിലർ ഇപ്പോഴും ആ നർമ സംഭാഷണങ്ങൾ പരസ്പരം പറഞ്ഞ് സ്വയം മറന്ന് ചിരിക്കുന്നുണ്ട്. അവയിലേക്ക് പുതിയ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഷാഫി ഇനിയില്ലെന്നു മാത്രം....

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com