

വിജി തമ്പി
സാഹിത്യകാരി മാധവിക്കുട്ടിയെ പണം കൊടുത്ത് മതം മാറ്റിയതാണെന്ന് സംവിധായകൻ വിജി തമ്പി. 20 കോടി രൂപ കൊടുത്താണ് മാധവിക്കുട്ടിയെ കമല സുരയ്യ ആക്കിയത് എന്നാണ്, വിശ്വഹിന്ദു പരിഷത്തിന്‍റെ സംസ്ഥാന അധ്യക്ഷൻ കൂടിയായ വിജി തമ്പി പറയുന്നത്.
കൂടാതെ, മാധവിക്കുട്ടിയുടേത് ലവ് ജിഹാദ് ആണെന്നും വിജി തമ്പി ആരോപിച്ചു. മതം മാറാന്‍ ഒരു നടിക്ക് 100 കോടി രൂപ ഓഫര്‍ ചെയ്തെന്ന് താൻ പറഞ്ഞത് സത്യമാണെന്നും വിജി തമ്പി കൂട്ടിച്ചേർത്തു.
"മാധവിക്കുട്ടിയെ കമല സുരയ്യ ആക്കിയപ്പോൾ കിട്ടിയത് കോടിക്കണക്കിന് രൂപയാണ്. അതൊരു ലൗ ജിഹാദ് ആണ്. ഒരു നടിക്ക് മതം മാറാന്‍ 100 കോടി രൂപയുടെ ഓഫര്‍ വന്നുവെന്ന് പറഞ്ഞത് സത്യമാണ്. വാലിഡ് ആയിട്ടുള്ള പോയിന്‍റാണത്. പക്ഷേ, നടിയുടെ പേര് പറയാന്‍ പറ്റില്ല. എല്ലാ കാര്യങ്ങളും മനസിലാക്കി തന്നെയാണ് ഞാനത് പറഞ്ഞത്. നടിയെ എനിക്കറിയാം. അവര്‍ക്കും അക്കാര്യം കൃത്യമായി അറിയാം. അന്നത്തെ കാലത്ത് 20 കോടി രൂപ കൊടുത്താണ് മാധവിക്കുട്ടിയെ മാറ്റിയത്"- വിജി തമ്പി പറഞ്ഞു.
കുംഭമേള വൈറൽ താരം കേരളത്തിൽ വന്ന് വിവാഹം കഴിച്ചത് അജൻഡയുടെ ഭാഗമാണെന്നും സംവിധായകൻ ആരോപിച്ചു. കുംഭമേളയില്‍ പോയൊരു പെണ്‍കുട്ടിയെ കേരളത്തില്‍ കൊണ്ടുവന്ന് കല്യാണം കഴിച്ചത് എന്താ? പയ്യനും പെണ്‍കുട്ടിയും മലയാളികളല്ല. വേറെ എവിടെയെങ്കിലും പൊയ്ക്കൂടെ അവര്‍ക്ക്? ഇതെല്ലാം ഒരു പ്രത്യേക അജൻഡയുടെ ഭാഗമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- വിജി തമ്പി പറഞ്ഞു.