

മാർട്ടിൻ ജോസഫ്, ആർ. ശ്രീലേഖ
തിരുവനന്തപുരം: തന്‍റെ ചെറുകഥയിൽ നിന്നും മോഷ്ടിച്ചതാണ് ദൃഢം സിനിമയെന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ് രംഗത്ത്. ശ്രീലേഖയുടെ ചെറുകഥ യ‍്യൂടൂബിൽ കണ്ടതായും തന്‍റെ ചിത്രവുമായി സാമ‍്യം തോന്നിയില്ലെന്നും സംവിധായകൻ വ‍്യക്തമാക്കി.
സുഹൃത്തുക്കൾ തനിക്ക് ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചു തന്നിരുന്നതായും തുടർന്ന് താനും സിനിമയുടെ തിരക്കഥാകൃത്തുക്കളും ചേർന്ന് 33 മിനിറ്റ് ദൈർഘ‍്യമുള്ള ചെറുക്കഥ യ‍്യൂടൂബിൽ കണ്ട് വിലയിരുത്തിയെന്നും ആ കഥയും ചിത്രവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ടവർക്ക് വ‍്യക്തമാകുമെന്നും മാർട്ടിൻ ജോസഫ് പറഞ്ഞു.
കുറെ വർഷങ്ങൾക്ക് മുൻപ് താൻ എഴുതി മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കരിങ്കുടി പൊലീസ് സ്റ്റേഷൻ എന്ന ചെറുകഥയാണ് ദൃഢത്തിന്‍റെ മൂല കഥയെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം.