'ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും എന്‍റെ കഥയിൽ നിന്നു മോഷ്ടിച്ചത്', ആർ. ശ്രീലേഖ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീലേഖ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്
 R. Sreelekha alleges Shane Nigam's Dridam and Bhoothakalam were stolen from her short story

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും എന്‍റെ ചെറുകഥയിൽ നിന്നും മോഷ്ടിച്ചത്; ആരോപണവുമായി ആർ. ശ്രീലേഖ

Updated on

തിരുവനന്തപുരം: ഷെയ്ൻ നിഗം മുഖ‍്യ വേഷത്തിലെത്തിയ ഭൂതകാലം, ദൃഢം എന്നീ ചിത്രങ്ങൾ തന്‍റെ ചെറുകഥകളിിൽ നിന്നു മോഷ്ടിച്ച് സൃഷ്ടിച്ചതാണെന്ന് മുൻ ഡിജിപിയും തിരുവനന്തപുരത്തെ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീലേഖ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കുറെ വർഷങ്ങൾക്ക് മുൻപ് താൻ എഴുതി മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച കരിങ്കുടി പൊലീസ് സ്റ്റേഷൻ എന്ന ചെറുകഥ‍യാണ് ദൃഢത്തിന്‍റെ മൂല കഥയെന്നും, തന്‍റെ യൂട്യൂബ് ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ അനുഭവ കഥയായ ഭൂതഭവനത്തിന്‍റെ മോഷണമാണ് ഭൂതകാലം എന്ന ചിത്രമെന്നുമാണ് ശ്രീലേഖ ആരോപിക്കുന്നത്.

തന്‍റെ കഥകളുടെ യൂട്യൂബ് ലിങ്കും ശ്രീലേഖ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോപണത്തിൽ വാസ്തവമില്ലെന്ന് ഇതു കേട്ടാൽ വ്യക്തമാകുകയും ചെയ്യും. ഒരു പോലീസ് സ്റ്റേഷനും കുറേ പൊലീസുകാരും അവിടെ ചാർജ് എടുക്കാൻ വരുന്ന പുതിയ ഉദ്യോഗസ്ഥനുമാണ് കരിങ്കുടി പൊലീസ് സ്റ്റേഷനും ദൃഢവും തമ്മിലുള്ള സാമ്യം. അതിനപ്പുറത്തേക്ക്, ചെറുകഥയുടെയും സിനിമയുടെയും ഇതിവൃത്തങ്ങൾ തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രം!

ഭൂതഭവനം എന്നു പേരിട്ട്, അനുഭവകഥ എന്ന രീതിയിൽ യൂട്യൂബിൽ അവതരിപ്പിച്ചിരിക്കുന്നത്, ലോകത്തെവിടെയും ഏതു പ്രേതഭവനത്തിന്‍റെ കഥയിലും കേൾക്കാവുന്ന കുറച്ചു സംഗതികൾ മാത്രം. ഇതിന്‍റെയും പശ്ചാത്തലത്തിന് ഭൂതകാലം എന്ന സിനിമയുടെ പശ്ചാത്തലവുമായി മാത്രം വിദൂര സാമ്യം ആരോപിക്കാം. അതിനപ്പുറത്തേക്ക് മോഷണം എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാണ്. ഏതായാലും, യൂട്യൂബ് ലിങ്ക് പോസ്റ്റിലുള്ളതിനാൽ, ശ്രവണകഥ കേൾക്കാൻ വരുന്നവരിലൂടെ ശ്രീലേഖയുടെ യൂട്യൂബ് ചാനലിൽ വ്യൂവർഷിപ്പ് കൂടിയിട്ടുണ്ട്.

ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

"ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.

ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.

https://youtu.be/xjaz_VjXons?si=-XniMmBERoPN-paO

എന്‍റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ.

എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

logo
Metro Vaartha
www.metrovaartha.com