"സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലുമായി ഒതുങ്ങുന്നു, മാറ്റങ്ങൾ വരണം"; അതിനായി കാത്തിരിക്കുന്നുവെന്ന് എസ്തർ

"അടുത്ത കാലത്ത് ഏറ്റവുമധികം സ്പര്‍ശിച്ച സ്ത്രീകഥാപാത്രങ്ങള്‍ ഉള്ളൊഴുക്ക് എന്ന സിനിമയിലേതാണ്"
esther anil about female characters being stereotyped in malayalam cinema

എസ്തർ

Updated on: 

മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് സംസാരിച്ച് നടി എസ്തര്‍ അനില്‍. മലയാളത്തില്‍ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയില്‍ സമീപകാലത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇനിയും മാറ്റങ്ങൾ വരാനുണ്ടെന്നുമാണ് എസ്തറിന്‍റെ പ്രതികരണം. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

''സ്ത്രീകളുടെ കഥ പറയുമ്പോള്‍ ആര്‍ത്തവം, പീഡനം, അതിനോടുള്ള അതിജീവനം, പ്രതികരണം തുടങ്ങിയ കാര്യങ്ങളിലേക്ക് ചുരുങ്ങുന്നു. തീര്‍ച്ചയായും അത്തരം കഥകള്‍ ആവശ്യമാണ്. പക്ഷെ സ്ത്രീ ജീവിതത്തിലെ കുറേക്കൂടി ലെയറുകള്‍, അനുഭവങ്ങള്‍, ആഗ്രഹങ്ങള്‍, ബന്ധങ്ങള്‍, വ്യക്തിത്വം എന്നിവയെക്കുറിച്ചൊക്കെ സിനിമ ആഴത്തില്‍ അന്വേഷിക്കണ്ടതുണ്ട്.

അടുത്ത കാലത്ത് ഏറ്റവുമധികം സ്പര്‍ശിച്ച സ്ത്രീകഥാപാത്രങ്ങള്‍ ഉള്ളൊഴുക്ക് എന്ന സിനിമയിലേതാണ്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ഡൈനാമിക്‌സ് വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ സിനിമകള്‍ പഴയ ചില സ്റ്റീറിയോടൈപ്പുകളിലേക്ക് തിരികെ പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്.'', എസ്തര്‍ പറയുന്നു.

സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് പലപ്പോഴും വളരെ കുറച്ച് മാത്രമാണ് സംസാരിക്കാറ്. തന്‍റെ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വളരെ വലിയ സ്ഥാനമുണ്ട്. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കള്‍ എന്നൊരു മിഥ്യാധാരണ നിലനില്‍ക്കുന്നുണ്ട്.

അതിനെ പൂര്‍ണമായും തള്ളിക്കളയും. സ്ത്രീകള്‍ എപ്പോഴും പരസ്പരം എതിര് നില്‍ക്കുന്നവരാണെന്ന ധാരണ ശരിയല്ല. സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദവും പരസ്പരം ശക്തിയാകുന്ന ബന്ധങ്ങളും സിനിമയില്‍ കുറേക്കൂടി കാണണം എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ടെന്നും എസ്തർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com