
'ഏട്ടൻ' പ്രിവ്യൂ ഷോ കഴിഞ്ഞു; ജൂലൈയിൽ റിലീസ്
പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയ പത്തു വയസ്സുകാരന്‍റെ ജീവിത കഥ പറയുന്ന "ഏട്ടൻ" എന്ന ചിത്രം ജൂലൈയിൽ റിലീസ് ചെയ്യും. ജെറ്റ് മീഡിയ പ്രൊഡഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ പ്രദീപ് നാരായണൻ സംവിധാനം ചെയ്യുന്നു. ആതിരപ്പള്ളിയിൽ ചിത്രീകരിച്ച ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം എറണാകുളം വനിത തീയേറ്ററിൽ നടന്നു. കുട്ടികളുടെ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലതാരം ലാൽ കൃഷ്ണയാണ്. വിജയ് ബാബു, സന്തോഷ് കീഴാറ്റൂർ, ചെല്ല ദുരൈ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്‍റെ കഥ മാത്രമല്ല "ഏട്ടൻ" . പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഇതൊക്കെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്ന്, ചിത്രത്തിന്‍റെ സംവിധായകൻ പ്രദീപ് നാരായണനും, നിർമ്മാതാവ് സുനിൽ അരവിന്ദും വ്യക്തമാക്കി.
പന്ത്രണ്ടു വയസ്സുവരെ അക്കാഡമിക്കൽ എജ്യുക്കേഷൻ ലഭിക്കാത്ത ഒരു മലയോര ഗ്രാമത്തിലെ കുട്ടി, പ്രകൃതിയിൽ നിന്നും, തന്നെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നവരിൽ നിന്നും, നേടിയ കരുത്തുമായി,പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പ്രതീക്ഷയുടെ ഒരു പുതിയ ലോകം പിടിച്ചെടുക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു മലയാള ചലച്ചിത്രമാണ് 'ഏട്ടൻ'.
ജെറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന" ഏട്ടൻ" പ്രദീപ് നാരായണൻ സംവിധാനം ചെയ്യുന്നു. രചന - ആൻസൻ ആന്‍റണി, ക്യാമറ -ജോഷ്വാ റെ ണോൾഡ്, ഗാന രചന - ഫ്രാൻസിസ് ജിജോ, സംഗീതം - വിമൽ പങ്കജ്, പി.ആർ.ഒ - അയ്മനം സാജൻ.