ഒരു ലക്ഷം രൂപയുടെ 'പൊട്ട' സിനിമ സൂപ്പർഹിറ്റ്; ബോക്സ് ഓഫിസ് പട്ടികയിൽ സ്പൈഡർമാനും ഒഡീസിക്കുമൊപ്പം

ജനിച്ചു വീണ ഒരു പശുക്കുട്ടിയുടെയും ഒരു കുഞ്ഞ് കിളിയുടെയും കഥയാണ് സിനിമയിൽ പറയുന്നത്.
film made for one lakh rupees becomes a superhit; joins Spider-Man

ഒരു ലക്ഷം രൂപയുടെ 'പൊട്ട' സിനിമ സൂപ്പർഹിറ്റ്; ബോക്സ് ഓഫിസ് പട്ടികയിൽ സ്പൈഡർമാനും ഒഡീസിക്കുമൊപ്പം

Updated on

ബീജിങ്: വെറും ഒരു ലക്ഷം രൂപ മാത്രം മുടക്കി നിർമിച്ച വിമർശനങ്ങൾ മാത്രം ഏറ്റുവാങ്ങിയ സിനിമ ബ്ലോക്ക് ബസ്റ്ററുകളുടെ കൂട്ടത്തിലേക്ക് ഇടിച്ചു കയറുന്നതിന് സാക്ഷ്യം വഹിക്കുകയാണിപ്പോൾ ചൈന. പുറത്തിറങ്ങി രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ ഏറ്റവും മോശം സിനിമ എന്ന പേരു കേൾപ്പിച്ച നിയു ലായ് എന്ന ചൈനീസ് സിനിമയാണ് ഇപ്പോൾ റെക്കോഡുകൾ തകർക്കുന്നത്. ആഗോള ഹിറ്റുകളായ സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ‍യ്ക്കും ദി ഒഡീസിക്കും ഒപ്പമാണിപ്പോൾ നിയു ലായുടെയും പ്രകടനം. നിയു ലായ് എന്നാൽ പശു എന്നാണ് അർഥം.

86 മിനിറ്റ് നീണ്ടു നിൽക്കുന്ന ഒരു ആനിമേഷൻ ചിത്രമാണിത്. ജനിച്ചു വീണ ഒരു പശുക്കുട്ടിയുടെയും ഒരു കുഞ്ഞ് കിളിയുടെയും കഥയാണ് സിനിമയിൽ പറയുന്നത്. ഓഗസ്റ്റ് 5നാണ് ചിത്രം ചൈനയിൽ റിലീസ് ആയത്. ആദ്യ പത്തു ദിവസങ്ങൾ കൊണ്ട് 7700 യുവാൻ അതായത് ഒരുലക്ഷം രൂപയാണ് ചിത്രം നേടിയത്. 300 പേരിൽ കുറവായിരുന്നു ചിത്രത്തിനു വേണ്ടി ടിക്കറ്റെടുത്തവർ. സിനിമയ്ക്ക് യാതൊരു വിധ പ്രൊമോഷൻ പരിപാടികളോ റിലീസിനു മുൻപും പരസ്യങ്ങളോ എന്തിനേറെ, ഒരു ട്രെയിലർ പോലുമുണ്ടായിരുന്നില്ല. പക്ഷേ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സിനിമയിൽ നിന്നുള്ള ചില ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങി.

സിനിമയിലെ കമ്പ്യൂട്ടർ ഗ്രാഫിക്സ് പരിതാപകരമായിരുന്നു. കൃത്യമായി ചലിക്കാത്ത കഥാപാത്രങ്ങളും മോശം ഡബ്ബിങ്ങും ആർക്കും മനസിലാകാത്ത പോലുമുള്ള കഥയും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴിയുള്ള വിഡിയോകളേക്കാളും മോശമായാണ് ചിത്രം പൂർത്തിയാക്കിയിരുന്നത്. 2026ലെ ഏറ്റവും മോശം ചിത്രമെന്ന കുപ്രസിദ്ധിയും നേടി. പക്ഷേ രൂക്ഷമായ വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളുമൊക്കെ ആ സിനിമയുടെ വിജയത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഈ വിമർശനത്തിലൊക്കെ പറയുന്നതു പോലെ അത്ര മോശം സിനിമയാണോ എന്നറിയാൻ വേണ്ടി മാത്രം ചിലർ സിനിമയ്ക്കു വേണ്ടി ടിക്കെറ്റെടുത്തു തുടങ്ങി. ഇപ്പോൾ 14.9 മില്യൺ യുവാൻ അതായത് 20 കോടി രൂപയോളം ചിത്രം നേടിക്കഴിഞ്ഞുവെന്നാണ് ചൈനീസ് ടിക്കറ്റിങ് പ്ലാറ്റ്ഫോമായ മാവോയാൻ പുറത്തു വിടുന്ന കണക്കുകൾ. സിൻ യൂമെങ്, സൺ ലിഫാഫ് എന്നീ രണ്ടു പേരാണ് സിനിമയ്ക്കു പിന്നിൽ. ഇരുവരും അമ്മയും മകനുമാണെന്നാണ് ‌റിപ്പോർട്ടുകൾ. അഞ്ച് വർഷം കൊണ്ടാണ് ഇരുവരും ചേർന്ന് സിനിമ പൂർത്തിയാക്കിയത്. കഥ എഴുതിയതും സംവിധാനം ചെയ്തതും നിർമിച്ചതും ഡബ് ചെയ്തതും എല്ലാം ഇരുവരും ചേർന്നാണ്. സിനിമ മോശമാണെന്ന് പലരും മുന്നറിയിപ്പ് നൽകിയിട്ടും ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തത് സംവിധായകർ തന്‍റെ സുഹൃത്തായതു കൊണ്ടാണെന്ന് വിതരണക്കാരൻ പറയുന്നു. ഇപ്പോഴും സിനിമയുടെ നിലവാരം മോശമാണെന്നാണ് എല്ലാവരും പറയുന്നത്. അതെത്ര മാത്രം മോശമാണെന്ന് കണ്ടറിയാൻ വേണ്ടി മാത്രം ആളുകൾ പണം മുടക്കി ടിക്കറ്റെടുക്കുകയാണെന്നതാണ് സിനിമയുടെ വിജയം.

logo
Metro Vaartha
www.metrovaartha.com