

ആര്യ
ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ആര്യയ്ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ്. ക്യാമറയും ലൈറ്റിങ് ഉപകരണങ്ങളും വാടകയ്ക്കെടുത്ത് പണം കൊടുത്തില്ലെന്ന പരാതിയിലാണ് കേസ്. ആര്യ നായകനായി എത്തിയ പുതിയ ചിത്രം അനന്തൻകാടുമായി ബന്ധപ്പെട്ടാണ് വിവാദം. സംഭവത്തിൽ ഹൈദരാബാദ് ജൂബിലി ഹിൽസ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അനന്തൻകാട് സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറയും സാധനങ്ങളും വാടകയ്ക്ക് എടുത്ത വകയിൽ 1.80 കോടി രൂപയാണ് കൊടുക്കാനുള്ളത്. പിന്നാലെയാണ് ചിത്രത്തിന്‍റെ നിർമാതാവിനും അണിയറ പ്രവർത്തകർക്കുമെതിരേ പരാതി നൽകിയത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാമറ എക്യുപ്മെന്‍റ് റെന്‍റൽ കമ്പനിയാണ് പരാതി നൽകിയിരിക്കുന്നത്. പ്രീമിയം ഡിജിറ്റൽ ക്യാമറകളും മറ്റ് ഷൂട്ടിങ് ഉപകരണങ്ങളും ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച് കൊടുക്കുകയായിരുന്നു. കൂടാതെ ചിത്രീകരണവേളയിൽ ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്തു. ആകെ 2.12 കോടി രൂപയാണ് ബില്ലായത്. ഇതിൽ കുറച്ച് പൈസ മാത്രം കമ്പനിക്ക് കൊടുക്കുകയായിരുന്നു.
ചിത്രത്തിന്‍റെ റിലീസിന് മുൻപായി കുടിശികയുള്ള തുക നൽകാമെന്ന് നിർമാതാക്കൾ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. എന്നാൽ ഷൂട്ടിങ്ങിന് ശേഷം ഫോണിലൂടെയും ഇമെയിലിലൂടെയും മറ്റും ബന്ധപ്പെട്ടെങ്കിലും പണം നൽകാൻ തയാറായില്ല. കുടിശികയുള്ള തുക ആവശ്യപ്പെട്ട് എത്തിയ കമ്പനി മാനേജരെ നടൻ ആര്യയും നിർമാതാവ് വിനോദും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതേത്തുടർന്ന് ജൂബിലി ഹിൽസ് പോലീസ് വഞ്ചനാക്കുറ്റത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.