''എന്‍റെ മകൻ ഈ ചിത്രങ്ങൾ കാണുമ്പോൾ ഞാനെന്തു പറയും...'', ഗിരിജയുടെ വൈകാരിക പ്രതികരണം
പതിനെട്ടു വർഷം മുൻപ് ആമിർ ഖാനൊപ്പം താരേ സമീൻ പർ എന്ന സിനിമയിൽ അഭിനിയച്ചപ്പോൾ പോലും കിട്ടാത്ത പ്രശസ്തിയാണ് ഒരൊറ്റ യൂട്യൂബ് അഭിമുഖത്തിലൂടെ ഗിരിജ ഓക്ക് ഗോഡ്ബോലെ എന്ന മറാഠി നടിക്കു കിട്ടിയത്. മുപ്പത്തേഴാം വയസിൽ പെട്ടെന്നൊരു ദിവസം രാജ്യത്തെ ഇന്‍റർനെറ്റ് സെൻസേഷനായി മാറുക, സ്മൃതി മന്ഥനയും രശ്മിക മന്ദാനയുമൊക്കെ സ്വന്തമാക്കി വച്ചിരുന്ന നാഷണൽ ക്രഷ് എന്ന വിശേഷണം സ്വന്തമാകുക....
പക്ഷേ, കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. നീല സാരിയുടുത്ത് ഇന്ത്യൻ സുന്ദരിയായി റീലുകളിലും ഷോർട്ടിസിലുമെല്ലാം നിറഞ്ഞു നിന്ന ഗിരിജയുടെ എഐ-ജനറേറ്റഡ് അശ്ലീല ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു തുടങ്ങാൻ ഒട്ടും വൈകിയില്ല.
ആരാധകരുടെ അഭിനന്ദന പ്രവാഹത്തിൽ തിളങ്ങി നിന്ന ഗിരിജ ദിവസങ്ങൾക്കുള്ളിൽ അപമാനത്തിന്‍റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ടു. നാഷണൽ ക്രഷ് എന്നു വിശേഷിപ്പിക്കുന്ന ഫാൻ-മെയ്ഡ് വീഡിയോ സ്വന്തം വോളിൽ പോസ്റ്റ് ചെയ്ത ഗിരിജ പക്ഷേ, ഇപ്പോൾ സംസാരിക്കുന്നത് പ്രശസ്തിയെക്കുറിച്ചോ പുതിയ സിനിമകളെക്കുറിച്ചോ അല്ല. എഐ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ചെടുത്ത അശ്ലീല ചിത്രങ്ങൾ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നതിനെക്കുറിച്ചാണ്. സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും വികൃതമാക്കി, യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്ന 'ഡീപ്‌ഫേക്ക്' വിഡിയോകൾ ഒരു കലാകാരിയെ എന്നതിലുപരി ഒരു അമ്മയെയാണ് ഉലച്ചുകളഞ്ഞത്.
'എന്‍റെ മകൻ ഇതറിയുമ്പോൾ...'
"സമൂഹമാധ്യമങ്ങളിൽ എന്‍റെ അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. അതിനെക്കാളേറെ, എന്‍റെ മകൻ എന്നെങ്കിലും ഇതൊക്കെ കാണുമ്പോൾ അവനോടെന്തു പറയുമെന്നാണ് എന്‍റെ ആശങ്ക. അവന്‍റെ വികാരങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന ചിന്ത എന്നെ ഭയപ്പെടുത്തുന്നു," ഗിരിജ പറയുന്നു. ഇന്‍റർനെറ്റിൽ ഒരിക്കൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ എന്നെന്നേക്കുമായി അവിടെയുണ്ടാകുമെന്ന തിരിച്ചറിവ് അവരുടെ ആശങ്കയുടെ ആഴം കൂട്ടുന്നു.
ഇന്‍റർനെറ്റ് പ്ലാറ്റ്‌ഫോമുകളിലെ അനാദരവിന്‍റെ ഏറ്റവും ക്രൂരമായ മുഖങ്ങളിലൊന്നാണ് ഇന്ന് ഗിരിജയുടേത്. ഒരു സ്ത്രീ, ഒരു വ്യക്തി എന്ന നിലയിൽ തന്‍റെ സ്വകാര്യ ഇടം കവർച്ച ചെയ്യപ്പെട്ട അനുഭവം. ആധുനിക സാങ്കേതികവിദ്യ, കലാപരമായ സാധ്യതകൾക്കപ്പുറം, ഇന്ന് വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ, വേട്ടയാടാനുള്ള ആയുധമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണവർ.
ഗിരിജയുടെ വാക്കുകൾ സമൂഹത്തിനു മുന്നിലേക്കെറിയുന്ന ചോദ്യം പൊള്ളിക്കുന്നതാണ്: ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു അമ്മയ്ക്ക് തന്‍റെ മകനു മുന്നിൽ തലയുയർത്തി നിൽക്കാൻ അവകാശമില്ലേ? തന്‍റെ ശരീരത്തിന്‍റെ മേലുള്ള അവകാശം ഒരു വ്യാജ ചിത്രം കൊണ്ട് ഇല്ലാതാക്കാൻ മറ്റൊരാൾക്ക് എങ്ങനെ സാധിക്കും!
വിശ്വാസം തകർന്ന ഡിജിറ്റൽ ഇടം
വ്യാജ ചിത്രങ്ങളാണെന്ന് അറിയാമെങ്കിലും, പൊതുഇടത്തിൽ നഗ്നയാക്കപ്പെട്ടതിന്‍റെ വേദന ചെറുതല്ല. ഇന്ന് പ്രചരിക്കുന്ന ചിത്രങ്ങൾ പൂർണമായും എഐ നിർമിതമാണ്. അതായത്, യാതൊരു മുൻ വിവരങ്ങളോ സമ്മതമോ ഇല്ലാതെ, ആർക്കും എപ്പോഴും ആരെയും അപകീർത്തിപ്പെടുത്താൻ സാധിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.
സാങ്കേതികവിദ്യയുടെ ഈ ഭീകരമായ ദുരുപയോഗം, ഓൺലൈനിൽ സജീവമായ ഏതൊരു സ്ത്രീയുടെയും സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നു ഗിരിജയ്ക്കാണ് ഈ ദുരനുഭവമെങ്കിൽ, നാളെ അത് മറ്റൊരാൾക്കാവാം; നമുക്കാർക്കുമാവാം.
ഗിരിജ ഓക്കിന്‍റെ പ്രതികരണം, ഇത്തരം അതിക്രമങ്ങൾക്കെതിരേ നിയമപരവും സാമൂഹികപരവുമായ നടപടികൾ അനിവാര്യമാണെന്ന് വിളിച്ചുപറയുന്നു. ഒരു വ്യക്തിയുടെ ജീവിതം, പ്രത്യേകിച്ച് ഒരു അമ്മയുടെ മാനസികാവസ്ഥ, തകർത്തെറിയുന്ന ഈ 'എഐ അതിക്രമത്തിന്' എതിരേ നിയമനിർമാണങ്ങൾ ഇനിയും ശക്തമായിട്ടില്ല. ഉള്ള നിയമങ്ങൾ പോലും ഫലപ്രദമായ രീതിയിൽ പ്രയോഗിക്കുന്നതിന്‍റെ പരിമിതികളും ഗിരിജയുടെ അനുഭവത്തിലൂടെ വ്യക്തമാകുന്നു.
