

ഗ്രേസും ഭർത്താവ് എബി സിറിയക്കും
നടി ഗ്രേസ് ആന്‍റണിയുടെ ഭർത്താവിന്‍റെ ഗ്രൂമിങ് പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ വിമർശകർക്ക് മറുപടിയെന്നോണം തന്‍റെ പുതിയ ആഡംബര കാർ ഓടിക്കുന്നതിന്‍റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഗ്രേസ്. പെർഫെക്റ്റ് ഗ്രൂമിങ് ഏട്ടായി- എന്ന ക്യാപ്ഷനിലാണ് വിഡിയോ.
പുതിയ ബിഎംഡബ്ല്യൂ കാറിൽ ചീറിപ്പായുന്ന ഗ്രേസിനെ ആണ് വിഡിയോയിൽ കാണുന്നത്. പിൻസീറ്റിൽ ഭർത്താവ് എബി സിറിയക് ഇരിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ വിഡിയോയ്ക്ക് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിവരമില്ലായ്മ ഒരു കുറ്റമല്ല ചേച്ചി പക്ഷേ അത് ഒരു അലങ്കാരമായി കൊണ്ടു നടക്കരുത് എന്നാണ് ഒരാൾ കുറിച്ചത്. ഗ്രൂമിങ്ങിനെ ഗ്ലോറിഫൈ ചെയ്യുകയാണ് ഗ്രേസ് ചെയ്യുന്നതെന്നും വിമർശനങ്ങൾ വരുമ്പോൾ അതിനെ പക്വതയോടെ മറുപടി നൽകാൻ പഠിക്കണമെന്നും കമന്‍റുണ്ട്. ഗ്രൂമിങ് ഇല്ലാതെ ഡ്രൈവിങ് പഠിക്കാനാവും എന്നായിരുന്നു ഒരാൾ കുറിച്ചത്.
ഇത് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചല്ല, നിങ്ങൾ നൽകുന്ന സന്ദേശത്തെ കുറിച്ചാണ്. 17–18 വയസുള്ളവർ ഇപ്പോഴും ലോകം മനസ്സിലാക്കുന്ന ഘട്ടത്തിലാണ്. ഗ്രൂമിങ് —മനഃപൂർവം അല്ലെങ്കിലും— നോർമലൈസ് ചെയ്യുന്നതും ഗ്ലോറിഫൈ ചെയ്യുന്നതും തെറ്റായ സന്ദേശമാണ് നൽകുന്നത്. ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ ഉത്തരവാദിത്വത്തോടെ സംസാരിക്കുക.- ഒരു കമന്‍റിൽ പറയുന്നു.
ഒരു അഭിമുഖത്തിനിടെയാണ് വിവാദ പരാമർശമുണ്ടായത്. ‘18-ാം വയസിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. 19 വയസിലൊക്കെയാണ് ഞങ്ങൾ പ്രണയത്തിലാവുന്നത്. അന്ന് ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ് . ഞാൻ എനിക്കുവേണ്ട രീതിയിൽ ഗ്രൂം ചെയ്‌തെടുത്തതാണ്,’ എന്നായിരുന്നു എബിയുടെ വാക്കുകൾ.