

"ആ പാട്ടിന്‍റെ പേരിൽ എന്‍റെ സ്വഭാവത്തെ വിമർശിക്കുന്നു, ഹിന്ദി വരികളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു"; നോറ ഫത്തേഹി
അശ്ലീല വരികളെത്തുടർന്ന് കെഡി: ദി ഡെവിളിലെ പാട്ട് പിൻവലിച്ചതിനു പിന്നാലെ പ്രതികരണവുമായി നടി നോറ ഫത്തേഹി. കന്നഡയിലാണ് ഗാനം ചിത്രീകരിച്ചതെന്നും ഹിന്ദി വരികളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് നടി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സൈബറാക്രമണം രൂക്ഷമായതിനെ തുടർന്നാണ് വിഡിയോയിലൂടെ നടി പ്രതികരിച്ചത്.
മൂന്നു വർഷം മുൻപ് കന്നഡയിലാണ് ഗാനം ചിത്രീകരിച്ചത് എന്നാണ് നോറ പറയുന്നത്. മൂന്ന് വർഷം മുൻപ് കന്നഡയിലാണ് ഞാൻ ഈ ഗാനം ചിത്രീകരിച്ചത്. വലിയ സിനിമയുടെ ഭാഗമായതുകൊണ്ടാണ് ഞാൻ യെസ് പറഞ്ഞത്. അതും സഞ്ജയ് ദത്തും ഉണ്ടായിരുന്നതുകൊണ്ട്. ആരാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യില്ലെന്ന് പറയുക. ഞാൻ വിചാരിച്ചത് പ്രമുഖ ഗാനത്തിന്‍റെ റീമേക്കാണ് ഇത് എന്നാണ്. - നോറ വിഡിയോയിൽ പറഞ്ഞു. ഗാനത്തിന്‍റെ ഹിന്ദി വരികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
ഞാൻ ഈ ഗാനത്തെ പിന്തുണച്ചു എന്ന് ആളുകൾ ചിന്തിക്കുന്നതുതന്നെ എന്നെ ബുദ്ധിമുട്ടിക്കുന്നു. ഗാനത്തിനെതിരേ രൂക്ഷവിമർശനം ഉയർന്നതു നന്നായി. അതുകൊണ്ടാണ് അണിയറ പ്രവർത്തകർ ഗാനം പിൻവലിച്ചത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഈ ഗാനം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അനാവശ്യമായി ഗാനത്തിന് വേദി നൽകുന്നതുപോലെയാണ് ഇതെന്നും നോറ വിഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഈ ഗാനത്തിന്‍റെ പേരിൽ തന്‍റെ സ്വഭാവത്തെ ആക്രമിക്കാനും ആളുകൾ ശ്രമിക്കുന്നുണ്ടെന്നും അത് നിർഭാഗ്യകരമാണെന്നും നോറ കുറിച്ചു. ഭാവിയിൽ താനും ടീമും കൂടുതൽ ശ്രദ്ധിക്കുമെന്നും താരം വ്യക്തമാക്കി.