ഹെലൻ ഒഫ് സ്പാർട്ട കറുത്തിട്ടോ? ലുപീറ്റ സുന്ദരിയല്ലേ; നോളൻ ഒഡീസിയെ നശിപ്പിച്ചെന്ന് വിമർശനം

തിളങ്ങുന്ന ചർമവും തേൻനിറമുള്ള മുടിയും നീലക്കണ്ണുകളും ഉള്ള സുന്ദരി എന്നാണ് ഹോമർ ഹെലനെക്കുറിച്ച് എഴുതിയിരിക്കുന്നത്.
Helen of Sparta, dark-skinned? Isn't Lupita beautiful? Criticism that Nolan ruined the Odyssey

ഹെലൻ ഒഫ് സ്പാർട്ട കറുത്തിട്ടോ? ലുപീറ്റ സുന്ദരിയല്ലേ; നോളൻ ഒഡീസിയെ നശിപ്പിച്ചെന്ന് വിമർശനം

Updated on

ക്രിസ്റ്റഫർ നോളന്‍റെ ദി ഒഡീസിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഹോമറിന്‍റെ ഇതിഹാസം നോളൻ എങ്ങനെയാണ് സിനിമയാക്കി മാറ്റുന്നതെന്ന് അറിയാനായിരുന്നു എല്ലാവർക്കും കൗതുകം. പക്ഷേ, നോളന്‍റെ ചില തീരുമാനങ്ങളൊന്നും പലർക്കും പിടിച്ചിട്ടില്ല. ട്രോയ് യുദ്ധത്തിനു തന്നെ കാരണക്കാരിയായ ഹെലൻ ഒഫ് സ്പാർട്ടയുടെ വേഷം ചെയ്യാനായി ലുപീറ്റ ന്യോങ്കോയെ തെരഞ്ഞെടുത്തതാണ് പലർക്കും ദഹിക്കാത്തത്.

ഓസ്കർ പുരസ്കാരം നേടിയ മികച്ച അഭിനേത്രിയാണ് ലുപീറ്റ. പക്ഷേ ലുപീറ്റയുടെ കറുത്ത നിറത്തിൽ തട്ടി നിൽക്കുകയാണ് ആരാധകരുടെ സിനിമാസ്വാദനം. ഇലിയഡിൽ ട്രോയ് യുദ്ധത്തിന് കാരണക്കാരിയായ, അതിസുന്ദരിയായ രാജകുമാരിയായാണ് ഹോമർ ഹെലനെ പരിചയപ്പെടുത്തുന്നത്. അവൾക്കു വേണ്ടിയാണ് ആയിരം കപ്പലുകൾ യുദ്ധത്തിന് പുറപ്പെടുന്നത്. ലുപ്പീറ്റ എങ്ങനെയാണ് അതിസുന്ദരിയായ രാജകുമാരി ആകുന്നതെന്നാണ് വിമർശകരുടെ ചോദ്യം.

തിളങ്ങുന്ന ചർമവും തേൻനിറമുള്ള മുടിയും നീലക്കണ്ണുകളും ഉള്ള സുന്ദരി എന്നാണ് ഹോമർ ഹെലനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ആ കഥാപാത്രത്തിന് ഒട്ടും ചേരാത്ത നടിയാണ് ലുപ്പീറ്റയെന്നും ചിലർ വിമർശിക്കുന്നു. വിമർശനം അതിരു കടന്ന് കടുത്ത വർണ വിദ്വേഷ കമന്‍റുകളിലേക്കും സൈബർ ആക്രമണത്തിലേക്കും കടക്കുന്നുണ്ട്.

ലുപീറ്റ കറുത്ത സുന്ദരിയാണെന്നും ഹെലൻ ഗ്രീക്ക് സുന്ദരിയാണെന്നും ഗ്രീക്ക് സൗന്ദര്യ മാനദണ്ഡങ്ങൾ ഇതല്ലെന്നും ആരോപിക്കുന്നവരുണ്ട്. ഈ പടം പൊട്ടണം എന്നാലേ നോളൻ നല്ല സിനിമ എടുക്കൂ, പൊളിറ്റിക്കൽ കറക്റ്റ്നസ് പറയാനല്ല സിനിമ എടുക്കേണ്ടത് എന്നുമൊക്കെ വിമർശകർ കത്തിക്കയറുന്നു. എന്നാൽ, ഒഡീസി ഒരു ഫാന്‍റസി കഥ മാത്രമാണെന്നും യഥാർഥ സംഭവത്തെ അധിഷ്ഠിതമാക്കി എഴുതിയതല്ലെന്നും അതു കൊണ്ടു തന്നെ അതിൽ സിനിമാ സംവിധായകന് വേണ്ട സ്വാതന്ത്ര്യം സ്വീകരിക്കാം എന്നുമാണ് നോളനെ അനുകൂലിക്കുന്നവർ പറയുന്നത്.

അതേസമയം, ഒഡീസിയുടെ പ്രീക്വൽ എന്നു വിളിക്കാവുന്ന ഇലിയഡിനെ ആസ്പദമാക്കി മുൻപ് എടുത്ത ട്രോയ് എന്ന ഐതിഹാസിക ചിത്രത്തിൽ ഗ്രീക്ക് റൂട്ട് ഉള്ള ആരുമില്ലെന്നും സോഷ്യൽ മീഡിയയിൽ വാദിക്കുന്നവരുണ്ട്. ഈ വിമർശനങ്ങളെയെല്ലാം അവഗണിക്കുകയാണ് നോളനും ലുപീറ്റയും.

എന്നാൽ, സംവിധായകനും നടിയും മിണ്ടിയില്ലെങ്കിലും, ഒഡീസിയെ പ്രതിരോധിക്കാൻ നോളന്‍റെ ആരാധകർ രംഗത്തുണ്ട്. സൗന്ദര്യത്തിന്‍റെ മാനദണ്ഡം തൊലിവെളുപ്പാണെന്നു കരുതുന്നവർ പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നു ബസ് കിട്ടാത്തവരാണെന്നാണ് മറുപടി.

ഹെലന്‍റെ നിറം അറിയാൻ അവരുടെ ആധാർ കാർഡ് വല്ലതും കണ്ടവരാണോ ഈ പറയുന്നതെന്ന് മറ്റൊരു കൂട്ടർ. ഇരുണ്ട നിറക്കാരായ ക്ലിയോപാട്രയെയും യേശു ക്രിസ്തുവിനെയും കാർമുകിൽ വർണനായ കൃഷ്ണനെയും വരെ വെളുപ്പിച്ചപ്പോൾ ഇല്ലാത്ത പരാതി ഹെലന്‍റെ കാര്യത്തിൽ എന്തിനാണെന്നു ചോദിക്കുന്നവരും ഏറെ.

logo
Metro Vaartha
www.metrovaartha.com