

"വിവാഹം കഴിച്ചതിൽ തെറ്റു പറ്റി, കുഞ്ഞിനെയും ഉപേക്ഷിച്ചു"; അനാഥനായി തുടരുമെന്ന് നടൻ
വിവാഹബന്ധത്തിൽ നിന്ന് പിന്മാറിയെന്ന് വെളിപ്പെടുത്തി നടൻ പ്രദീപ് ആന്‍റണി. ഇൻസ്റ്റഗ്രാമിലൂടെ വൈകാരികമായ കുറിപ്പ് പങ്കു വച്ചു കൊണ്ടാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പൂജ ശക്തിയെയാണ് താരം വിവാഹം കഴിച്ചിരുന്നത്. 2024ലായിരുന്നു ഇരുവരുടെയും വിവാഹം . ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്. കുഞ്ഞ് അമ്മയ്ക്കൊപ്പം നിൽക്കുന്നതാണ് നല്ലതെന്ന് തിരിച്ചറിയുന്നുവെന്നും എന്നെന്നേക്കും അനാഥനായി തുടരുക എന്ന ശാപം ഞാൻ ഏറ്റെടുക്കുന്നുവെന്നുമാണ് താരം കുറിച്ചിരിക്കുന്നത്.
അരുവി, ദാദ, വാഴൽ എന്നീ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രദീപ് തമിഴ് ബിഗ് ബോസ് സീസൺ സെവൻ മത്സരാർഥിയുമായിരുന്നു.
കുറിപ്പ് വായിക്കാം
"എന്‍റെ കൂട്ടുകാരുടെ അടുത്ത് ഈ കുഞ്ഞിനെ വിൽക്കുന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് തമാശ പറഞ്ഞിട്ടുണ്ട്. ഒരു കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാത്രം പക്വതയില്ലാത്തവനാണ് ഞാനെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് പൂജ ഗർഭിണിയായപ്പോൾ, വരാനിരിക്കുന്ന ആ കുഞ്ഞിനായി കുറച്ചു ലക്ഷങ്ങൾ തന്ന് ബുക്ക് ചെയ്യാൻ ഞാൻ ആളുകളോട് ആവശ്യപ്പെട്ടു. എന്നാൽ ആ കുഞ്ഞ് ഈ ലോകത്തിലേക്ക് വന്നതോടെ, എനിക്കതിനോട് ഒരു പ്രത്യേക സ്നേഹവും അടുപ്പവും തോന്നിത്തുടങ്ങി. അത് സന്തോഷത്തോടെ എന്നെ കേട്ടിരിക്കുമായിരുന്നു; എന്‍റെ കൈകളിൽ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഓരോ ദിവസവും എനിക്ക് പുതിയൊരു ഉന്മേഷം തോന്നുമായിരുന്നു. എന്നാൽ അതിപ്പോൾ എന്നിൽ നിന്ന് അകന്നുപോയിരിക്കുന്നു.
ആ കുഞ്ഞിനോടൊപ്പമായിരുന്നു ഞാൻ അവസാനമായി സന്തോഷം അനുഭവിച്ചത്. അതെന്നെ വിട്ടുപോയിട്ട് ഇപ്പോൾ ഒരു മാസമായി. ഒരു മാസം മുൻപ് ഞാൻ ആ കുഞ്ഞിനെ ഉപേക്ഷിച്ചു. അത് എന്നെ ഉള്ളിൽ നിന്ന് പതുക്കെ തിന്നുതീർക്കുകയാണ്. കാരണം, എനിക്കെന്നും ഒരു കുടുംബം വേണമെന്നും, നല്ലൊരു അച്ഛനാകണമെന്നും, ഞാൻ വളർന്നുവന്ന സാഹചര്യത്തിന് നേരെ വിപരീതമായ നല്ലൊരു അന്തരീക്ഷം എന്‍റെ കുഞ്ഞിന് നൽകണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഞാൻ തോറ്റുപോയി. നമ്മൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് എന്താണോ, അതിനെത്തന്നെയാണ് നമ്മൾ ആകർഷിക്കുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു.
എനിക്ക് തെറ്റുപറ്റി. യോജിക്കാത്ത ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചതെന്ന് ഞാൻ കരുതുന്നു, അതെന്നെ ഓരോ ദിവസവും വളരെ മോശമായൊരു മനുഷ്യനാക്കി മാറ്റി. എന്‍റെ ലോകത്തിന്‍റെ ഭാഗമല്ലാത്ത, എന്നെ മനസ്സിലാക്കാനോ എന്‍റെ ലോകത്തിന്‍റെ ഭാഗമാകാനോ ഒരിക്കലും ശ്രമിക്കാത്ത ഒരാളുടെ അടുത്താണ് ഞാൻ ദിവസവും ഉണർന്നെഴുന്നേറ്റത്. അവൾ ഇപ്പോഴും സ്വന്തം കുടുംബത്തിലും പഴയ ജീവിതത്തിലും തന്നെ തങ്ങിനിൽക്കുകയായിരുന്നു. ഓരോ ദിവസവും ഞാൻ മറ്റൊരാളുടെ ജീവിതം നശിപ്പിക്കുകയാണെന്ന് എനിക്ക് തോന്നി. മറ്റൊരു വ്യക്തിയോടൊപ്പം സന്തോഷത്തോടെ എങ്ങനെ ജീവിക്കണമെന്ന് സത്യത്തിൽ എനിക്കറിയില്ല. ഒട്ടും യോജിക്കാത്ത രണ്ടുപേർ തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ ഓർത്ത് പരസ്പരം വെറുക്കുകയും ചെയ്യുന്നത് പോലെയായിരുന്നു അത്. ഞങ്ങൾ രണ്ടുപേർക്കും അത് നീതികേടായിരുന്നു.
എന്‍റെ മുൻപത്തെ ബന്ധം എന്നെ തളർത്തിയിരുന്നു, ആ ബലഹീന നിമിഷത്തിൽ എവിടെ നിന്നാണോ സ്നേഹം ലഭിച്ചത്, അതിൽ ഞാൻ പിടിച്ചുതൂങ്ങി; ഈ നിമിഷം വരെ അതിനോട് വിശ്വസ്തത പുലർത്തുകയും ചെയ്തു. എന്നാൽ അതെന്നെ ഒരുപാട് വേദനിപ്പിച്ചു-എന്‍റെ ബലഹീനതയും സ്നേഹത്തിനായുള്ള കൊതിയും. ഈ ദാമ്പത്യത്തിൽ നിന്ന് മാറിനടക്കാൻ ഞാൻ തീരുമാനിച്ചു, കാരണം ആ ബന്ധത്തിൽ എനിക്കിപ്പോൾ ശ്വാസം മുട്ടുകയാണ്. ഇനി അവൾ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നുമില്ല. എന്തായാലും, ഇന്ന് ഞാൻ ആ കുഞ്ഞിനെ ഒരുപാട് ഓർത്തു. അതിനൊരു പേരിടാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. എന്‍റെ മനസ്സിൽ അത് എപ്പോഴും 'അത്' മാത്രമായിരുന്നു...
എന്‍റെ വികാരങ്ങൾ പൊതുമധ്യത്തിൽ തുറന്നുപറയുന്നതിനെക്കുറിച്ച് എനിക്ക് തുടരെത്തുടരെ ഫോൺ കോളുകൾ വരാൻ തുടങ്ങും. സംസാരിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ ആളുകൾ വിളിക്കും. എന്നാൽ സങ്കടം പങ്കുവെക്കാൻ എനിക്കാരും കൂട്ടിനില്ല. പരസ്പരം വെറുക്കുന്ന, വഴക്കിടുന്ന മാതാപിതാക്കളുടെ കൂടെ വളരുന്നതിനേക്കാൾ ആ കുഞ്ഞ് അവന്‍റെ അമ്മയുടെ കൂടെ നിൽക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതി.
എന്നെന്നും ഒരു അനാഥനായി തുടരുക എന്ന എന്‍റെ വിധി ഞാൻ ഒടുവിൽ അംഗീകരിച്ചിരിക്കുന്നു."