വിഷമത്തിലാണെങ്കിൽ ‘ഫാഷനബിൾ’ ആയി വിഷമിക്കണം, സന്തോഷത്തിലാണെങ്കിൽ അതും ‘ഫാഷനബിൾ’ ആയിരിക്കണം; താരങ്ങളുടെ അവസ്ഥ തുറന്നുപറഞ്ഞ് പ്രീതി സിന്‍റ

രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാൽ അതിനെക്കുറിച്ച് അറിഞ്ഞിരിക്കണം, അഭിപ്രായം പറയണം, ശരിയായ കാര്യം തന്നെ പറയണം തുടങ്ങിയ സമ്മർദങ്ങളുമുണ്ടെന്നും താരം പറയുന്നു
Preity Zinta

പ്രീതി സിന്‍റ

Updated on

പാപ്പരാസി സംസ്കാരവും സോഷ്യൽ മീഡിയയുടെ കടന്നുകയറ്റവും ഇന്നത്തെ താരങ്ങൾക്ക് വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നതെന്ന് ബോളിവുഡ് നടി പ്രീതി സിന്‍റ. മുൻകാലത്തേക്കാൾ കൂടുതൽ സമ്മർദമാണ് ഇപ്പോൾ അഭിനേതാക്കൾ നേരിടുന്നതെന്നും അവർ പറഞ്ഞു. വിവാഹശേഷം അമെരിക്കയിൽ താമസമാക്കിയ പ്രീതി സിന്‍റ തന്‍റെ പുതിയ ചിത്രം വൈബിന്‍റെ പ്രചരണാർഥം മുംബൈയിലെത്തിയ വേളയിൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

സിനിമയിലേക്കുള്ള തിരിച്ചുവരവിൽ നേരിട്ട ഏറ്റവും വലിയ സാംസ്കാരിക മാറ്റം എന്താണെന്ന ചോദ്യത്തിന്, സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല, സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങളിലാണ് മാറ്റമെന്ന് പ്രീതി പറഞ്ഞു. പാപ്പരാസികളും സോഷ്യൽ മീഡിയയുടെ കടന്നുകയറ്റവും വലിയ മാറ്റമാണ്. മുമ്പ് സെറ്റിലെത്തി അഭിനയിച്ച് ജോലി പൂർത്തിയാക്കിയാൽ മതിയായിരുന്നു. ഇപ്പോൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതുപോലും പ്രധാനമാണ്. എയർപോർട്ട് ലുക്കിനും പ്രാധാന്യമുണ്ട്. വിഷമിച്ചിരിക്കുകയാണെങ്കിൽ പോലും ‘ഫാഷനബിൾ’ ആയി വിഷമിക്കണം, സന്തോഷത്തിലാണെങ്കിൽ അതും ‘ഫാഷനബിൾ’ ആയിരിക്കണം എന്നതാണ് അവസ്ഥയെന്നും പ്രീതി പറഞ്ഞു.

രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാൽ അതിനെക്കുറിച്ച് അറിഞ്ഞിരിക്കണം, അഭിപ്രായം പറയണം, ശരിയായ കാര്യം തന്നെ പറയണം തുടങ്ങിയ സമ്മർദങ്ങളുമുണ്ട്. ജോലി ഇപ്പോൾ സിനിമാ സെറ്റിൽ മാത്രം ഒതുങ്ങുന്നില്ല. സെറ്റിന് പുറത്തുള്ള ഇമേജിനും പ്രാധാന്യമുണ്ട്. അതിനൊപ്പം എപ്പോഴും മികച്ചതായി കാണപ്പെടണമെന്നും പ്രതീക്ഷിക്കപ്പെടുന്നതായി പ്രീതി പറഞ്ഞു.

കരിയറിന്‍റെ തുടക്കത്തിൽ ‘ക്യാ കെഹ്നാ’യിൽ വിവാഹിതയല്ലാത്ത കൗമാരക്കാരിയുടെ ഗർഭധാരണം പോലുള്ള വ്യത്യസ്ത വിഷയം കൈകാര്യം ചെയ്തിരുന്നു. ‘ചോരി ചോരി ചുപ്കെ ചുപ്കെ’യിൽ വേശ്യയുടെ വേഷം ചെയ്തു. വാണിജ്യപരമായ പരിധിക്കുള്ളിൽ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനായിരുന്നു എന്നും താൻ എപ്പോഴും ആഗ്രഹിച്ചതെന്നും പ്രീതി പറഞ്ഞു.

വൈബിൽ രണ്ട് കഴിവുകെട്ട സുഹൃത്തുക്കളെ നിർണായകമായ രഹസ്യ ദൗത്യത്തിനായി റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കുന്ന ‘മാഡം എച്ച്’ എന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് പ്രീതി അവതരിപ്പിക്കുന്നത്. ഡ്രോംഗോ ഫിലിംസിന്‍റെ ബാനറിൽ ആമസോൺ എംജിഎം സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 18ന് ചിത്രം തിയെറ്ററുകളിലെത്തും.

logo
Metro Vaartha
www.metrovaartha.com