

ബോക്സ് ഓഫിസിൽ നിന്നും കോടികൾ വാരി ദുൽകർ സൽമാൻ ചിത്രം
നഹാസ് ഹിദായത്തിന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ദുൽക്കർ സൽമാൻ ചിത്രമാണ് ഐ ആം ഗെയിം. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫിസിൽ നിന്നും നാലു ദിവസം കൊണ്ട് നേടിയത് എത്രയാണെന്ന കണക്കുകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ട്രാക്കർമാരായ സാക് നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ആദ‍്യ ദിവസം 5.40 കോടിയും രണ്ടാം ദിനം 4.90 കോടിയും ശനിയാഴ്ച 4.35 കോടിയും ഞായറാഴ്ച 4.35 കോടിയുമാണ് ചിത്രം നേടിയത്.
ഇതോടെ നാലു ദിവസത്തെ നെറ്റ് കളക്ഷൻ 19 കോടിയിലെത്തി. ഇന്ത‍്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 22.20 കോടിയാണ്. മലയാളം പതിപ്പിൽ നിന്നുമാണ് ചിത്രത്തിന് പ്രധാനമായും കളക്ഷൻ ലഭിച്ചിരിക്കുന്നത്. ബോളിവുഡിൽ ഹനുമാൻ അൻഷ്, മിർസാപൂർ: ദി മൂവി എന്നീ ചിത്രങ്ങളിൽ നിന്ന് ഐ ആം ഗെയിം കടുത്ത മത്സരമാണ് നേരിടുന്നത്.
പൃഥ്വിരാജ് സുകുമാരൻ ചിത്രം ഖലീഫയ്ക്കൊപ്പം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഐ ആം ഗെയിം. എന്നാൽ ചില കാരണങ്ങൾകൊണ്ട് അത് നടന്നില്ല. കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽക്കർ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഐ ആം ഗെയിം. ദുൽക്കറിനു പുറമെ ആന്‍റണി വർഗീസ്, കയാദു ലോഹർ, മിഷ്കിൻ, കതിർ, വിനയ് ഫോർട്ട്, പാർഥ് തിവാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്തിട്ടുള്ളത്.