റെസ്റ്റോറന്റിലെ വിഭവങ്ങളെ വിലയിരുത്താം, പക്ഷെ ഉടമയെ റിവ്യൂ ചെയ്യണ്ട: റിവ്യൂ അതിരുകടന്നപ്പോള്‍ ഇന്‍ഫ്‌ലൂവന്‍സര്‍ക്ക് നഷ്ടമായത് 21 ലക്ഷം രൂപ

റിവ്യൂ അതിരു കടന്ന് സ്ഥാപന ഉടമയുടെ സ്വഭാവം പരിശോധിക്കുന്നതിലേക്ക് എത്തിയപ്പോള്‍ പിഴ കിട്ടിയത് 81,000 ദിര്‍ഹം അഥവാ 21 ലക്ഷം രൂപയാണ്
Influencer lost ₹21 lakh after review crossed the line.

റിവ്യൂ അതിരുകടന്നപ്പോള്‍ ഇന്‍ഫ്‌ലൂവന്‍സര്‍ക്ക് നഷ്ടമായത് 21 ലക്ഷം രൂപ

Updated on

അബുദാബി: റെസ്റ്റോറന്റില്‍ നിന്ന് ആഹാരം കഴിച്ചുകഴിഞ്ഞാല്‍ ഒരു 'റിവ്യൂ' പറയണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മില്‍ പലരും. റീല്‍ ഇട്ടില്ലെങ്കിലും ഭക്ഷണത്തിന്റെ രുചിഭേദങ്ങളെക്കുറിച്ച് ആരോടെങ്കിലും ഒന്നു പറഞ്ഞില്ലെങ്കില്‍ പലര്‍ക്കും സമാധാനമില്ല എന്നതാണ് സ്ഥിതി. ചിലപ്പോള്‍ അതിഗംഭീരം എന്നാവും വിലയിരുത്തല്‍ അല്ലെങ്കില്‍ അറുബോറ് എന്ന അഭിപ്രായം പങ്കുവെക്കും. എക്‌സിക്യൂട്ടീവ് ഷെഫുമാരായി റെസിപിയെകുറിച്ച് ആധികാരികമായി സംസാരിക്കുന്നവരും ഉണ്ട്.

എന്നാല്‍ ഇതൊന്നും മോശം കാര്യമല്ല. പക്ഷേ വിഭവങ്ങളെ വിട്ട് റെസ്റ്റോറന്റ് ഉടമയുടെ സ്വഭാവമോ ബിസിനസ് രീതിയോ റിവ്യൂ ചെയ്യാന്‍ തുടങ്ങിയാല്‍ 'പണികിട്ടും'. സംശയം ഉണ്ടെങ്കില്‍ അബുദാബിയിലെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ നിന്ന് ആഹാരം കഴിച്ച ശേഷം റിവ്യൂ വീഡിയോ തയ്യാറാക്കി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറോട് ചോദിച്ചാല്‍ മതി. റിവ്യൂ അതിരു കടന്ന് സ്ഥാപന ഉടമയുടെ സ്വഭാവം പരിശോധിക്കുന്നതിലേക്ക് എത്തിയപ്പോള്‍ പിഴ കിട്ടിയത് 81,000 ദിര്‍ഹം അഥവാ 21 ലക്ഷം രൂപയാണ്.

ഇന്‍ഫ്‌ലൂവന്‍സര്‍ തയാറാക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ റെസ്റ്റോറന്റ് ഉടമ നിയമത്തിന്റെ വഴിതേടി അധികൃതരെ സമീപിച്ചു. രുചിയെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്നതിനപ്പുറം ഇത് തന്റെ വ്യക്തിപരമായ അന്തസിനെയും ബിസിനസിന്റെ സല്‍പ്പേരിനെയും മനഃപൂര്‍വ്വം തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്ന് ഉടമ പരാതിപ്പെട്ടു. കേസിനെ കുുറിച്ച് വിശദമായ അന്വേഷണം നടത്തിയ പബ്ലിക് പ്രോസിക്യൂഷന്‍ ഇതൊരു സാധാരണ ഫുഡ് റിവ്യൂ അല്ലെന്ന് കണ്ടെത്തി. ആധുനിക സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും ദുരുപയോഗം ചെയ്ത് വ്യക്തികളുടെ അന്തസിന് കളങ്കം വരുത്താന്‍ നടത്തിയ ശ്രമമാണിതെന്ന് കോടതിയും വിലയിരുത്തി.

ക്രിമിനല്‍ കുറ്റത്തിന് 30,000 ദിര്‍ഹം പിഴയാണ് കോടതി വിധിച്ചത്. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും സോഷ്യല്‍ മീഡിയയില്‍ നിന്ന് ആ ദൃശ്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. ഇതോടൊപ്പം റെസ്റ്റോറന്റിനുണ്ടായ മാനഹാനിക്കും ബിസിനസ് നഷ്ടത്തിനും നഷ്ടപരിഹാരമായി 51,000 ദിര്‍ഹം കൂടി റെസ്റ്റോറന്റ് ഉടമയ്ക്ക് നല്‍കാന്‍ കോടതി വിധിച്ചു. ഭക്ഷണ പരിധി ലംഘിച്ച റിവ്യൂ വിഡിയോയ്ക്ക് ഇന്‍ഫ്‌ളൂവന്‍സര്‍ നല്‍കേണ്ടി വന്നത് 81,000 ദിര്‍ഹം അഥവാ 21 ലക്ഷം എന്ന

വലിയൊരു തുകയാണ്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതാര്‍ഹമാണ്. പക്ഷേ അത് വ്യക്തിഹത്യയിലേക്കും അപകീര്‍ത്തിപ്പെടുത്തലിലേക്കും കടക്കുമ്പോള്‍ നിയമം അതിന്റെ വഴിക്ക് സഞ്ചരിക്കുമെന്ന വലിയൊരു സന്ദേശം കൂടിയാണ് അബുദാബി കോടതി ഈ വിധി നല്‍കുന്നത്.

logo
Metro Vaartha
www.metrovaartha.com