

രൺബീറിന്റെ 'രാമായണ'യിൽ രാവണനാണോ ഹീറോ? വിമർശനം രൂക്ഷം
രൺബീർ കപൂർ നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം രാമായണയിൽ രാക്ഷസ രാജാവായ രാവണനെ മഹത്വവത്കരിക്കുന്നതായി വിമർശനം. തെന്നിന്ത്യൻ താരം യഷ് ആണ് സിനിമയിൽ രാവണനായി എത്തുന്നത്. രൺബീർ അവതരിപ്പിക്കുന്ന രാമൻ ദുർബലമായ കഥാപാത്രമാണെന്നും വിമർശനമുണ്ട്. രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നിതേഷ് തീവാരിയാണ്. നമിത് മൽഹോത്രയാണ് നിർമാതാവ്.. നമ്മുടെ രാമായണം ശ്രീരാമന്റെ കഥയാണ്, എന്നാൽ നമിത് മൽഹോത്രയുടെ രാമായണം രാവണന്റെ കഥയാണെന്നാണ് എക്സിൽ ഒരു ആസ്വാദകൻ കുറിച്ചിരിക്കുന്നത്.
ഒടുവിൽ സംശയിച്ചതു പോലെ തന്നെ സംഭവിച്ചിരിക്കുന്നത്. സിനിമയിൽ ആകപ്പാടെ രാവണനെ മഹത്വവത്കരിച്ചിരിക്കുകയാണെന്നാണ് മറ്റൊരാളുടെ പോസ്റ്റ്. രാവണനെ നായകനായി മാറ്റി തലമുറകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബോളിവുഡ്. ഇത് ഹിന്ദു വിരുദ്ധ രാവണ പ്രോപ്പഗാണ്ടയാണെന്നും ആരോപിക്കുന്നവരുണ്ട്.
പക്ഷേ രാവണനായുള്ള യഷിന്റെ പകർന്നാട്ടം അത്രയധികം ഗംഭീരമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. ശ്രീരാമന്റെ കഥാപാത്രത്തെ ദുർബലമായി കാണിച്ചിരിക്കുന്നു, ദേവന്മാരെ മർദകരായി ചിത്രീകരിച്ചിരിക്കുന്നു, ശൂർപ്പണഖയെ ഇരയായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. സായ് പല്ലവിയാണ് സീതയായി എത്തുന്നത്. രാകുൾ പ്രീത് സിങ് ആണ് സിനിമയിൽ ശൂർപ്പണഖയായി എത്തുന്നത്. രാമായണത്തിൽ സീതയുടെ സൗന്ദര്യത്തിൽ അഭിരമിച്ചാണ് രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുന്നത്. എന്നാൽ രാമായണയിൽ ശൂർപ്പണഖയോട് ചെയ്തതിന്റെ പ്രതികാരം തീർക്കുന്നതിനായാണ് സീതയെ അപഹരിക്കുന്നതെന്നും ഇത് ശരിയല്ലെന്നും നീരീക്ഷകർ പറയുന്നു.
രാമായണയുടെ തുടക്കം മുതൽ തന്നെ വിവാദങ്ങൾ നിറഞ്ഞു നിന്നിരുന്നു. രാമനായി രൺബീറിനെ തെരഞ്ഞെടുത്തതാണ് ചിലരെ പ്രകോപിപ്പിച്ചത്. 2011ൽ നൽകിയ ഒരു അഭിമുഖത്തിൽ രൺബീർ തനിക്ക് ബീഫ് വളരെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞിരുന്നു. അങ്ങനെയുള്ള ഒരു നടനല്ല രാമന്റെ വേഷം അവതരിപ്പിക്കേണ്ടത് എന്നായിരുന്നു തുടക്കത്തിലെ വിമർശനം. പിന്നീട് സീതയായി സായ് പല്ലവിയെ തെരഞ്ഞെടുത്തതും വിവാദങ്ങൾക്ക് തിരികൊളുത്തി. സീതയാകാൻ സായ് പല്ലവി ഒട്ടും അനുയോജ്യയല്ല എന്നായിരുന്നു വിമർശനം.