

ഗായിക ജാസ്‌മിൻ സാൻഡ്‌ലാസും പ്രതിശ്രുത വരൻ ശേഖർ ചൗധരിയും
'ധുരന്ധര്‍' സിനിമയിലെ വൈറല്‍ ഹിറ്റ് ഗാനമായ 'ശരാരത്' കൊണ്ട് വീണ്ടും സംഗീതലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായ പോപ്പ് സെന്‍സേഷന്‍ ജാസ്മിന്‍ സാൻഡ്‌ലാസ് ഇപ്പോള്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്തയുമായാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. വേദിയില്‍ പാട്ടും ഗ്ലാമറും കൊണ്ട് ആവേശം വിതറുന്ന ജാസ്മിന്‍, ഡല്‍ഹിയില്‍ നടന്ന 'ദി ഡ്രീം ഗേള്‍ ഇന്ത്യ ടൂര്‍' സംഗീത പരിപാടിക്കിടെയാണ് തന്‍റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംഗീത വിരുന്നിനിടെ ആരും പ്രതീക്ഷിക്കാത്ത ആ പ്രഖ്യാപനം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പരിപാടിക്കിടെ ജാസ്മിന്‍ തന്‍റെ പ്രതിശ്രുത വരനായ ശേഖര്‍ ചൗധരിയെ വേദിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് കൈയിലെ തിളങ്ങുന്ന എന്‍ഗേജ്‌മെന്‍റ് റിങ് ആരാധകരെ കാണിച്ചുകൊണ്ട്, 'വിരലില്‍ മോതിരം അണിയിച്ച പുരുഷന്‍...എന്‍റെ പുരുഷന്‍' എന്ന് വികാരഭരിതയായി പറയുകയായിരുന്നു. ആ വാക്കുകള്‍ കേട്ടതോടെ സദസ് മുഴുവന്‍ കൈയടികളിലും ആര്‍പ്പുവിളികളിലും മുങ്ങി. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ജാസ്മിന്‍റെ ജനപ്രിയ ഗാനമായ 'ലാവണ്‍' ആലപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു.
സ്വര്‍ണനിറത്തിലുള്ള മനോഹരമായ ലഹങ്കയും ആഭരണങ്ങളും അണിഞ്ഞ് രാജകീയ ലുക്കിലായിരുന്നു ജാസ്മിന്‍ വേദിയിലെത്തിയത്. പതിവുപോലെ ആത്മവിശ്വാസം നിറഞ്ഞ സ്റ്റേജ് പ്രസന്‍സും ഗ്ലാമറസ് സ്‌റ്റൈലും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 'ശരാരത്' ഉള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചാണ് ജാസ്മിന്‍ സംഗീതവിരുന്നിനെ ആഘോഷമാക്കിയത്.
ജാസ്മിന്‍ തന്‍റെ പ്രണയജീവിതം ഇതുവരെ പൊതുസമൂഹത്തിനു മുന്‍പില്‍ നിന്ന് മറച്ചുപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ ശേഖര്‍ ചൗധരിയെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത് ആരാധകരെ അത്ഭുതപ്പെടുത്തി. വിവാഹനിശ്ചയ വിവരം പുറത്തുവിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആശംസകളുടെ പ്രവാഹമാണ്. സിനിമയിലെയും സംഗീതലോകത്തെയും നിരവധി താരങ്ങളും ആരാധകരും ജാസ്മിനും ശേഖറിനും ആശംസകള്‍ നേര്‍ന്നു.