

ടൈറ്റൻസ് എന്ന സിനിമയിൽ ജയസൂര്യ.
നീട്ടി വളർത്തിയ മുടിയും താടിയും; കൈയിൽ ഒരു പിസ്റ്റളും. എന്തെല്ലാം ദുരൂഹതകളും കൗതുകങ്ങളുമാണ് ഈ ലുക്കിനു പിനിൽ? പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റൻസ് എന്ന ചിത്രത്തിലേതാണ് ജയസൂര്യയുടെ ഈ ലുക്ക്.
ജയസൂര്യക്കുള്ള ജന്മദിന സമ്മാനമായാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഈ ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഫാന്‍റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. നേരമ്പോക്കിന്‍റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ജയസൂര്യയും വിനായകനും ചേർന്ന കോംബോ ഈ ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റാണ്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
വലിയ മുതൽമുടക്കിൽ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. തിരക്കഥ- ജയിംസ് സെബാസ്റ്റ്യൻ. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിഷ്ണുശർമ. എഡിറ്റിങ് - ഷമീർ മുഹമ്മദ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. ഒക്റ്റോബർ ഒന്നിന് പ്രദർശനത്തിനെത്തും.