സംവിധാനത്തിൽ രതീഷ് വേഗയുടെ അരങ്ങേറ്റം: ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ' തുടങ്ങി

എൻഐഎയുടെ പശ്ചാത്തലത്തിൽ കശ്മീർ ഭീകരാക്രമണവും ത്രാളിലെ ഏറ്റുമുട്ടലും ആസ്പദമാക്കി രതീഷ് വേഗ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം
Jayasurya Operation Tral shooting

ഓപ്പറേഷൻ ത്രാൾ പൂജ ചടങ്ങിൽനിന്ന്.

Updated on

നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ ചിത്രീകരണം തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിച്ചു. സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വിൽ എന്‍റെർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്നു.

ക്രൗൺ പ്ലാസ ഹോട്ടലിൽ നടത്തിയ പൂജ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകി. നിർമാതാവ് ജോബി ജോർജ് തടത്തിൽ, സംവിധായകൻ രതീഷ് വേഗ, ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിച്ചു.

വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിൽ നിർമിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ലോക മനഃസാക്ഷിയെ ഞെട്ടിച്ച കശ്മീർ ഭീകരാക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണങ്ങളുമാണ് ചിത്രത്തിന്‍റെ കഥാതന്തു. ജമ്മു കാശ്‌മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലും ചിത്രത്തിന്‍റെ പ്രമേയത്തിലെ കാതലായ ഭാഗമാണ്.

ഹർഷവർധൻ എന്ന എൻഐഎ ഉദ്യോഗസ്ഥനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. തന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണിതെന്ന് ജയസൂര്യ.

സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ, സിറാജുദ്ദീൻ തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ തരുൺ അറോറ, ഋതിക സിങ് , വിനയറായ്, അമൈരാ ദാസ് തർ, മുരളി ശർമ എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. ഛായാഗ്രഹണം- നജോസ്. എഡിറ്റിംഗ് - ഷഫീഖ് വി.ബി.

logo
Metro Vaartha
www.metrovaartha.com