"ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു"; പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും

ഷിയാസിനോട് ചിരിച്ച് വർത്തമാനം പറയുന്ന ജോജുവിന്‍റെ വിഡിയോയും പുറത്തുവന്നു
joju george and mla muhammed shiyas reunion

ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു, പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും

Updated on

കൊച്ചി: കോൺഗ്രസിന്‍റെ വഴിതടയൽ സമരത്തിനെതിരേ നടൻ ജോജു ജോർജ് രംഗത്തെത്തിയത് വലിയ വാക്കുതർക്കത്തിനു കാരണമായിരുന്നു. അന്ന് എറണാകുളം ഡിസിസി പ്രസിഡന്റായ മുഹമ്മദ് ഷിയാസ് വൻ വിമർശനമാണ് ജോജുവിനെതിരേ ഉയർത്തിയത്. ഇപ്പോൾ ഇതാ പിണക്കമെല്ലാം മറന്ന് ഇരുവരും ഒന്നിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ്. തോപ്പുംപടിയിൽ നടന്ന എംഎൽഎ എക്‌സലൻസ് അവാർഡിനാണ് ഇരുവരും ഒന്നിച്ചെത്തിയത്.

ജോജു ജോർജുമായുണ്ടായ പഴയ വഴക്കിനെക്കുറിച്ച് തന്‍റെ പ്രസംഗത്തിൽ പരാമർശിക്കാനും എംഎൽഎ ആയ മുഹമ്മദ് ഷിയാസ് മറന്നില്ല. ജോജുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയാണ് എംഎൽഎ പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. താനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു എന്നാണ് ഷിയാസ് പരാമർശിച്ചത്. അതേസമയം വഴക്കുകളൊക്കെ അവസാനിച്ചുവെന്നും എംഎൽഎ വ്യക്തമാക്കി. ഷിയാസിനോട് ചിരിച്ച് വർത്തമാനം പറയുന്ന ജോജുവിന്‍റെ വിഡിയോയും പുറത്തുവന്നു.

ജോജു കഴിഞ്ഞദിവസവും എന്നോട് പറഞ്ഞിരുന്നു, പരിപാടിക്ക് വരാമെന്ന്. ജോജു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാനും ജോജുവും തമ്മിൽ ഒരു കടമുണ്ടായിരുന്നു. ഇടയ്ക്കൊരു സമരത്തിൽ അദ്ദേഹം ബഹളമൊക്കെ ഉണ്ടാക്കിയിരുന്നു. അദ്ദേഹം ഒരു പൗരനെന്ന നിലയിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്ത ഒരാളുകൂടിയാണ്. ജോജു നല്ല കലാകാരനാണ്. സാധാരണ കുടുംബത്തിൽ നിന്നും വളർന്നു വന്ന്, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു നടനായി മാറി അവാർഡുകൾ ഒക്കെ വാങ്ങിയ ഒരാളാണ്. തീർച്ചയായും ജോജു പരിപാടിയിൽ പങ്കെടുത്തതിൽ വളരെ സന്തോഷമുണ്ട്.’- മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഇന്ധന വിലവർധനവിനെതിരെ 2021ൽ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരത്തിനെതിരേ ജോജു ജോർജ് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. ഇടപ്പള്ളി - വൈറ്റില - അരൂർ ബൈപാസിൽ ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെയാണ് ജോജു അന്ന് ശബ്ദമുയർത്തിയത്. ബഹളത്തിനിടെ ജോജുവിന്റെ കാറിന്റെ ഗ്ലാസും തകർക്കപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com