

സാം നീൽ
സിഡ്നി: ലോകപ്രശസ്തമായ ഹോളിവുഡ് സിനിമയായ ജുറാസിക് പാർക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ (78) അന്തരിച്ചു. സിഡ്നിയിൽ വച്ച് തിങ്കളാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്.
2023ൽ തനിക്ക് രക്താർബുദം ബാധിച്ചിരുന്നതായി നീൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം മരണസമയത്ത് നീൽ കാൻസർ മുക്തനായിരുന്നുവെന്ന് വ്യക്തമാക്കിയ കുടുംബം മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
1993ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്കിൽ ഡോ. അലൻ ഗ്രാന്‍റ് എന്ന പുരാജീവി ശാസ്ത്രജ്ഞന്‍റെ വേഷത്തിലായിരുന്നു നീൽ എത്തിയത്. 1947ല്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ ജനിച്ച അദ്ദേഹം പിന്നീട് ന്യൂസിലാന്‍ഡിലേക്ക് കുടിയേറി. 1970ലാണ് നീൽ തന്‍റെ അഭിനയ കരിയറിന് തുടക്കമിട്ടത്. അന്‍പത് വര്‍ഷത്തിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തില്‍ 'ജുറാസിക് പാര്‍ക്ക്' ചിത്രങ്ങളിലെ ഡോ. അലന്‍ ഗ്രാന്‍റ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. കൂടാതെ മറ്റു നിരവധി ഹോളിവുഡ് ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.