"ആന്‍റി എന്ന് വിളി, ഫോട്ടോകളിൽ എല്ലാം മത്തങ്ങ പോലെ ഇരിക്കുന്നു": 81കിലോ ആയെന്ന് ജ്യോതികൃഷ്ണ

ഞാനൊരു 90സ് കിഡ് ആണെന്ന് പറഞ്ഞിട്ട് ആരും മനസ്സിലാക്കുന്നില്ല
 jyothi krishna about weight gain

ജ്യോതികൃഷ്ണ

Updated on

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ നടിയാണ് ജ്യോതി കൃഷ്ണ. ഫോട്ടോഷൂട്ടുകളും യാത്രാ വിശേഷങ്ങളുമെല്ലാം താരം പങ്കുവക്കാറുണ്ട്. എന്നാൽ അടുത്തിടെ ജ്യോതി സോഷ്യൽ മീഡിയയിൽ നിന്ന് അപ്രത്യക്ഷമായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ശരീരഭാരം വർധിച്ചതിനെ തുടർന്ന് തന്‍റെ ആത്മവിശ്വാസം പോയെന്ന് അതാണ് സോഷ്യൽ മീഡിയയിൽ മാറി നിന്നത് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ ജ്യോതി പറഞ്ഞത്.

കഴിഞ്ഞ ഡിസംബർ മാസത്തിൽ നടത്തിയ യൂറോപ്യൻ യാത്രയ്ക്ക് ശേഷമാണ് ശരീരഭാരം വർധിക്കാൻ തുടങ്ങിയത് എന്നാണ് ജ്യോതി പറയുന്നത്. തുടർന്ന് റമദാൻ മാസം കൂടിയായതോടെ ശരീരഭാരം ഭക്ഷണം നിയന്ത്രിക്കാൻ സാധിച്ചില്ല. യുദ്ധസാഹചര്യത്തെ തുടർന്നുണ്ടായ സ്ട്രെസ് കുറയ്ക്കാൻ ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ ശരീരഭാരം 81 കിലോയിലേക്ക് എത്തി. അതോടെ തന്‍റെ ആത്മവിശ്വാസം മുഴുവനും പോയി എന്നാണ് ജ്യോതി പറയുന്നത്.

ഫോട്ടോ എടുക്കാൻ താല്പര്യമില്ലാതെയായി. ഏത് ഫോട്ടോയിൽ നോക്കുമ്പോഴും മത്തങ്ങ പോലെ ഇരിക്കുന്നു. ശരീരം വണ്ണം വച്ചപ്പോൾ മുഖത്തും ഒരുപാട് മാറ്റങ്ങൾ വന്നു, മുഖത്ത് കറുത്ത പാടുകൾ എവിടെനിന്ന് വന്നു എന്നുപോലും അറിയില്ല. വല്ലാത്ത ഡിപ്രെഷനിൽ ആയിപോയി. നമ്മളെക്കാൾ പൊക്കമുള്ള കുട്ടികൾ വന്ന് ആന്റി എന്ന് വിളിക്കുമ്പോൾ ഉള്ള അവസ്ഥ. ഞാനൊരു 90സ് കിഡ് ആണെന്ന് പറഞ്ഞിട്ട് ആരും മനസ്സിലാക്കുന്നില്ല. എന്റെ ആധാർ കാർഡ് നോക്കൂ ഞാൻ 1992ൽ ഉള്ളതാണ്. ഇതടക്കം ഞാൻ കാണിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. - നടി പറഞ്ഞു.

അതിനിടെ തമിഴിൽ നിന്ന് ഒരു അമ്മ വേഷം തന്നെ തേടിയെത്തി. ചെറിയ കുട്ടിയുടെ അമ്മയായിരിക്കും എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മനസിലാകുന്നത് 22 വയസുകാരന്‍റെ അമ്മയുടെ വേഷത്തിലാണെന്ന്. ഇതുകൂടി ആയതോടെ താൻ നന്നാവാൻ തീരുമാനിച്ചു എന്നാണ് ജ്യോതി പറയുന്നത്. ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചെന്നും താൽപ്പര്യമുള്ളവർക്ക് തന്‍റെയൊപ്പം ചേരാമെന്നും ജ്യോതി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com