ആനവേട്ടയുടെയും പകയുടെയും കഥയുമായി 'കാട്ടാളൻ' മേയ് 28ന്

രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്.
'Kaattalan', a story of elephant hunting and revenge, will be released on May 28th

ആനവേട്ടയുടെയും പകയുടെയും കഥയുമായി 'കാട്ടാളൻ' മേയ് 28ന്

Updated on

ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്‍റേയും കഥ പറയുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറായി 'കാട്ടാളൻ'. ആന്‍റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് 28നാണ് റിലീസ് ചെയ്യും. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്.

കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ.

'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് 'കാട്ടാളൻ' സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ആന്‍റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. പിആർഒ: ആതിര ദിൽജിത്ത്.

logo
Metro Vaartha
www.metrovaartha.com