

കമൽഹാസൻ, വിജയ്
വിജയ് ചിത്രം ജനനായകൻ ചോർന്നതിൽ സെൻസർ ബോർഡിനെ വിമർശിച്ച് നടൻ കമൽഹാസൻ രംഗത്ത്. ചോർച്ച യാദൃച്ഛിതമല്ലെന്നും വ്യവസ്ഥിതിയുടെ പരാജയത്തിന്‍റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന് പ്രദർശാനുമതി നൽകാൻ വൈകിയതാണ് പൈറസിക്ക് അവസരം കൊടുത്തതെന്നും കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിയമപരമായ വഴികൾ അടയുമ്പോൾ അനധികൃതമായ വാതിലുകൾ തുറക്കുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. പൈറസി രാഷ്ട്രീയത്തിന് അതീതമാണ്. അത് കലയ്ക്കും കലാകാരനും നേരേയുള്ള ആക്രമണമാണ്. നിരവധിപേരുടെ വരുമാനമാണ് ഇതിലൂടെ അപകടത്തിലാകുന്നത്. വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ നിർമാതാക്കളെ ആര് സംരക്ഷിക്കും. ധാർമിക ഉത്തരവാദിത്തവും വേഗത്തിലുള്ള സർട്ടിഫിക്കേഷനും അതിന്‍റെ കർശനമായ നടപ്പാക്കലും അനിവാര്യമാണ്.
സിനിമപ്രേമികൾ നിയമപരമായി തിയെറ്ററുകളിലെത്തി സിനിമ കണ്ട് ഉചിതമായ പ്രതികരണം നൽകണമെന്നാണ് ഞാൻ വിശ്വാസിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞു. ജനുവരി 9ന് തീയെറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകൻ സെൻസർ ബോർഡിന്‍റെ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി റിലീസ് വൈകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത രാഷ്ട്രീയം ഇതിവൃത്തമായ ചിത്രത്തിൽ ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരയ്ക്കുന്നുണ്ട്.