30,000 കോടി രൂപയുടെ എസ്റ്റേറ്റ് ആവശ്യപ്പെട്ട് കരിഷ്മ കപൂർ; സഞ്ജയ് കപൂറിന്‍റെ സ്വത്തിൽ തർക്കം തുടരുന്നു

2003ലാണ് സഞ്ജയ് കപൂർ കരിഷ്മ കപൂറിനെ വിവാഹം കഴിച്ചത്.
Karishma kapoor seeks 30,000 crore rupees worth estate of sunjay kapoor

കരിഷ്മ കപൂർ, സഞ്ജയ് കപൂർ

Updated on

ന്യൂഡൽഹി: യുവ വ്യവസായി സഞ്ജയ് കപൂറിന്‍റെ സ്വത്തിനെയും ഓഹരിയെയും ചൊല്ലിയുള്ള തർക്കം പുതിയ തലങ്ങളിലേക്ക്. സഞ്ജയ് കപൂറിന്‍റെ 30,000 കോടി രൂപ വില മതിക്കുന്ന എസ്റ്റേറ്റിന് അവകാശം ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹത്തിന്‍റെ മുൻ ഭാര്യയും ബോളിവുഡ് നടിയുമായ കരിഷ്മ കപൂർ. സോണ കോം സ്റ്റാറിന്‍റെ ചെയർമാനായിരിക്കേയാണ് സഞ്ജയ് കപൂറിന്‍റെ അകാല മരണം. അതിനു പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ പ്രിയ സച്ച്ദേവ് ഭൂരിപക്ഷം ഓഹരികളുടെയും ഉടമയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള രേഖകൾ ഡയറക്റ്റർ ബോർഡിനു മുന്നിൽ സമർപ്പിച്ചു.

വൈകാതെ തന്നെ ഡയറക്റ്റർ ബോർഡ് വാർഷിക യോഗം ചേർന്ന് പ്രിയയെ ബോർഡിലേക്ക് തെരഞ്ഞെടുത്തു. തന്‍റെ മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഞ്ജയുടെ അമ്മ റാണി കപൂർ ആരോപിച്ചിരുന്നു. എന്നാൽ ഇതു കണക്കിലെടുക്കാതെയാണ് ബോർഡ് അതിവേഗം കാര്യങ്ങൾ നീക്കിയത്. തന്‍റെ കുടുംബ പാരമ്പര്യം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും റാണി കപൂർ ആരോപിച്ചിട്ടുണ്ട്. സഞ്ജയ് കപൂറിന്‍റെ ഭാര്യയെ ഡയറക്റ്റർ ബോർഡിലേക്ക് ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടതോടെ കുടുംബാംഗങ്ങൾ തമ്മിലുള്ള കലഹം കോടതിയിലേക്കെത്താനുള്ള സാധ്യതയും വർധിച്ചു. അതിനിടെയാണ് കരിഷ്മയുടെ പുതിയ അവകാശ വാദമെന്നാണ് റിപ്പോർട്ടുകൾ.

2003ലാണ് സഞ്ജയ് കപൂർ കരിഷ്മ കപൂറിനെ വിവാഹം കഴിച്ചത്. ഇരുവർക്കും സമൈറ, കിയാൻ എന്നീ രണ്ടു മക്കളുമുണ്ട്. 2014ൽ ഇരുവരും പിരിയുകയും 2016ൽ ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു. പിന്നീടാണ് സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com