
കാഠ്മണ്ഡു: പ്രഭാസ് ചിത്രം ആദിപുരുഷിലെ സംഭാഷണങ്ങൾ വിവാദമായതിനു പിന്നാലെ കടുത്ത നടപടിയുമായി നേപ്പാൾ. കാഠ്മണ്ഡുവിലും വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിലും തിങ്കളാഴ്ച മുതൽ എല്ലാ ഹിന്ദി സിനിമകൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് നേപ്പാൾ. സീത ഇന്ത്യയുടെ മകളാണെന്ന സംഭാഷണമാണ് നേപ്പാളിനെ പ്രകോപിപ്പിച്ചത്. തെക്കു കിഴക്കൻ നേപ്പാളിലെ ജനക് പുരിലാണ് സീത ജനിച്ചതെന്നാണ് നേപ്പാളിലുള്ളവർ വിശ്വസിക്കുന്നത്.
കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷായാണ് കാഠ്മണ്ഡുവിൽ ഒരു ഹിന്ദി സിനിമയും പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ജാനകി ഇന്ത്യയുടെ മകളാണെന്ന പ്രസ്താവന ചിത്രത്തിൽ നിന്ന് മാറ്റിയെങ്കിൽ മാത്രമേ വിലക്ക് എടുത്തു മാറ്റൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. കാഠ്മണ്ഡുവിലെ 17 തിയെറ്ററുകളിലും ഹിന്ദി സിനിമകൾ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ പൊഖാറ മേയർ ധൻരാജ് ആചാര്യയും വിലക്ക് പ്രഖ്യാപിച്ചു.
ചിത്രത്തിൽ നിന്ന് ഈ വാചകം എടുത്തു മാറ്റാൻ ആവശ്യപ്പെട്ട് മൂന്നു ദിവസങ്ങൾക്കു മുൻപേ നോട്ടിസ് നൽകിയിരുന്നെന്നും കാഠ്മണ്ഡു മേയർ വ്യക്തമാക്കി. രാമായണത്തെ അടിസ്ഥാനമാക്കിയാണ് ഓം റൗത്ത് ആദിപുരുഷ് നിർമിച്ചത്. കൃതി സനോൻ ജാനകിയായും പ്രഭാസ് രാഘവൻ ആയും സെയ്ഫ് അലി ഖാൻ ലങ്കേശൻ ആയുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ ചില സംഭാഷണങ്ങൾ വിവാദമായതിനെത്തുടർന്ന് തിരുത്തി എഴുതുമെന്ന് ഹിന്ദി സംഭാഷണങ്ങളും ഗാനങ്ങളും രചിച്ച മനോജ് മുൻതാഷിർ ശുക്ല പ്രഖ്യാപിച്ചിരുന്നു.