
ബിഗ് ബജറ്റിൽ 'കാട്ടാളൻ' ഒരുങ്ങുന്നു
ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന് ഓഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. പാൻ ഇൻഡ്യൻ ചിത്രമെന്ന രീതിയിൽ നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസ്സിലാണ് അവതരിപ്പിക്കുന്നത്. മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എന്‍റെർടൈൻമെന്‍റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2,ഓങ്ബാക്ക് 2 ,തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിന്‍റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ആന്‍റണി വർഗീസാണ് ചിത്രത്തിലെ നായകൻ. രജീഷാ വിജയനാണ് നായിക. അഭിനയ രംഗത്ത് വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ( പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു , എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിന്‍റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്.