'അമ്മ' സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ ഉയർന്ന ജാതി-മത വിവാദങ്ങൾ ആഭ്യന്തരമായി തീർപ്പാക്കണമെന്ന് നടൻ ആസിഫ് അലി ആവശ്യപ്പെട്ടു
'അമ്മ' സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

ആസിഫ് അലി ദുബായിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുന്നു.

MV

Updated on

ദുബായ്: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ അമ്മയിലെ പ്രശ്നങ്ങൾ അവിടെ തന്നെ പരിഹരിക്കണമെന്നും അൻസിബയെ പോലുള്ള നടിമാർ നിവൃത്തികേടുകൊണ്ടായിരിക്കാം അഭിപ്രായം തുറന്നു പറഞ്ഞതെന്നും നടൻ ആസിഫ് അലി.

ഈ വിഷയത്തെക്കുറിച്ച് കൃത്യമായ ധാരണ തനിക്ക് കിട്ടിയില്ലെന്നും അതിനാൽ അതേക്കുറിച്ച് കൂടുതൽ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മലയാള സിനിമയിലെ അണിയറ പ്രവർത്തകർക്കിടയിലെ ജാതി-മത പ്രശ്നത്തെ ഗൗരവമായി സമീപിക്കണം. ഇല്ലെങ്കിൽ അത് കൂടുതൽ മോശമാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം വിഷയങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല.

ജാതി-മതപ്രശ്നം കൂടുതൽ ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരേ യുക്തിപൂർവമായ സമീപനമാണ് വേണ്ടത്. അമ്മ സംഘടനയിലെ പ്രശ്നങ്ങൾ മനസിലാക്കി അത് പരിഹരിക്കാനുള്ള സമയം ഭാരവാഹികൾക്ക് നൽകണമെന്നും ആസിഫലി ആവശ്യപ്പെട്ടു.

ഇന്ത്യൻ പനോമരയ്ക്ക് വേണ്ടി ഗോവയിൽ പോയപ്പോൾ കിഷ്കിന്ധാ കാണ്ഡത്തെക്കുറിച്ചും സർക്കീട്ടിനെക്കുറിച്ചും പലരും എന്നോട് സംസാരിച്ചു. ഏത് കാലഘട്ടത്തിലും തിരക്കഥ തന്നെയാണ് മലയാള സിനിമയുടെ നട്ടെല്ല്. ഒരു സൂപ്പർതാരമുണ്ടെന്ന് കരുതി മാത്രം ഒരു സിനിമ മലയാളത്തിൽ വിജയിച്ചിട്ടില്ല.

ഒരു സിനിമ നമ്മളുമായി സംവദിക്കുന്നില്ലെങ്കിൽ അത് സൂപ്പർതാരത്തിന്‍റേതായാലും ട്രെൻഡിങ് അഭിനേതാക്കളുടെതായാലും ആളുകൾ കാണാനെത്തില്ല. മമ്മൂട്ടിയും മോഹൻലാലും തന്നെപ്പോലുള്ള നടന്മാർക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. ബാല്യകാലം മുതൽ എല്ലാ ദിവസവും താൻ കാണുന്നതും കേൾക്കുന്നതുമായ പേരാണ് മമ്മൂട്ടിയെന്നും ആസിഫ് അലി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com