
'പണമില്ലെങ്കിൽ ഒരു ചുംബനം'; ശ്രീ ലീലയുടെ 'കിസ് മീ ഇഡിയറ്റ്' തിയെറ്ററിലേക്ക്
പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീലീല നായികയായെത്തുന്ന തമിഴ് ചിത്രം കിസ് മീ ഇഡിയറ്റ് റിലീസിനൊരുങ്ങുന്നു. വീരത് ആണ് നായകൻ വ്യത്യസ്തമായൊരു കോളേജ് ലൗസ്റ്റോറി അവതരിപ്പിക്കുന്ന ഈ ചിത്രം, 2001 മുതൽ നിർമ്മാണ, വിതരണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന, നാഗൻ പിള്ളയുടെ നാഗൻ പിക്‌ച്ചേഴ്സാണ് നിർമ്മിക്കുന്നത്. എ.പി.അർജുനാണ് സംവിധായകൻ. പുതിയ തലമുറയിലെ ശ്രദ്ധേയനായ നടൻ വീരത് നായകനായി അഭിനയിക്കുന്നു. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ ചിത്രീകരിച്ച "കിസ് മീ ഇഡിയറ്റ് "ഓഗസ്റ്റ് ഒന്നിന്, തമിഴ് നാട്ടിലും, കേരളത്തിലുമായി റിലീസ് ചെയ്യും.
കോളേജ് വിദ്യാർഥിയായാണ് ശ്രീലീല എത്തുന്നത്. കോളേജ് പ്രിൻസിപ്പൽ, ഒരു ദിവസം അവളെ ക്ലാസ്സിന് പുറത്ത് നിർത്തി. പെട്ടന്ന് അരിശം തോന്നിയ അവൾ, പ്രിൻസിപ്പാളിന്‍റെ ബാനറിന് നേരെ കല്ലെറിഞ്ഞു. കല്ല് ബാനറിൽ തട്ടി, അത് വഴി വന്ന ചെറുപ്പക്കാരന്‍റെ ( വീരത് ) കാറിൽ വീണ്, ചില്ല് പൊട്ടി. നഷ്ടപരിഹാരമായി, ചെറുപ്പക്കാരൻ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണമില്ലെങ്കിൽ, ഒരു ചുംബനം തരുക. അല്ലെങ്കിൽ, രണ്ട് മാസം സഹായിയായി പ്രവർത്തിക്കണമെന്നും ചെറുപ്പക്കാരൻ പറഞ്ഞു.
സഹായിയായി പ്രവർത്തിക്കാൻ അവൾ തീരുമാനിച്ചു. അങ്ങനെ ചെറുപ്പക്കാരനൊപ്പം അവൾ യാത്രയായി. ഓഫീസിൽ വെച്ച് അയാളോട് അവൾ പല തവണ സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിച്ചു. ചെറുപ്പക്കാരൻ അതൊന്നും ശ്രദ്ധിച്ചില്ല. ഒടുവിൽ തന്‍റെ പ്രണയം അറിയിക്കാൻ അവൾ തീരുമാനിച്ചു.അപ്പോഴാണ് അയാൾ പെൺകുട്ടിയെ ഓഫീസിൽ നിന്ന് തിരിച്ചയച്ചത്. അവൾ പോയ ശേഷമാണ്, അവന് മനസ്സിലായത്, അവളില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന്. പിന്നെ, അവളെ സ്വന്തമാക്കാൻ അവൻ ശ്രമമാരംഭിച്ചു. തുടർന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളിലൂടെ ചിത്രം കടന്നുപോകുന്നത്. മനോഹരമായ ഗാന രംഗങ്ങളും, സംഘട്ടന രംഗങ്ങളും ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു.
റോബോ ശങ്കർ, നഞ്ചിൽ വിജയൻ, അശ്വതി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.