കുള്ളനെന്ന് വിളിച്ച് ആക്ഷേപിച്ചു, പ്രതിഫലം നല്‍കിയില്ല; പരാതിയുമായി ലാപതാ ലേഡീസ് താരം

നിര്‍മാതാവ് പുഷ്‌പേന്ദ്ര സിങ്, ഭാര്യ പ്രഗതി ചൗഹാന്‍ എന്നിവര്‍ക്കെതിരേ സോനി പൊലീസിനെ സമീപിച്ചത്
Laapataa Ladies Actor Satendra Soni Files Police Complaint Against Filmmaker Couple

കുള്ളനെന്ന് വിളിച്ച് ആക്ഷേപിച്ചു, പ്രതിഫലം നല്‍കിയില്ല; പരാതിയുമായി ലാപതാ ലേഡീസ് താരം

Updated on

ചലച്ചിത്ര നിര്‍മാതാവിനും ഭാര്യയ്ക്കുമെതിരേ പൊലീസില്‍ പരാതി നല്‍കി ലാപതാ ലേഡീസ് താരം സതേന്ദ്ര സോനി. സെറ്റില്‍ വച്ച് മോശമായി പെരുമാറിയെന്നും പ്രതിഫലം നല്‍കാതെ പറ്റിച്ചെന്നും പറഞ്ഞാണ് നിര്‍മാതാവ് പുഷ്‌പേന്ദ്ര സിങ്, ഭാര്യ പ്രഗതി ചൗഹാന്‍ എന്നിവര്‍ക്കെതിരേ സോനി പൊലീസിനെ സമീപിച്ചത്.

പേയ്ഡ് പാല്‍കി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. പ്രതിഫലമായി പറഞ്ഞ തുക നല്‍കിയില്ലെന്നും കുള്ളനെന്ന് വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് സോനി പരാതിയില്‍ പറയുന്നത്. പിന്നാലെ നടന് പിന്തുണയുമായി ഓള്‍ ഇന്ത്യന്‍ സിനി സര്‍ക്കേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.

ഒന്നര വര്‍ഷം മുന്‍പാണ് പുഷ്‌പേന്ദ്ര സിങ്ങിനെ സോനി ആദ്യമായി കാണുന്നത്. ശുഭ് സന്ദേശ് എന്ന സിനിമയില്‍ ഒരു വേഷമുണ്ടെന്ന് അന്ന് പറഞ്ഞെങ്കിലും ആ പ്രൊജക്റ്റ് മുന്നോട്ടുപോയില്ല. പിന്നീട് ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ഇയാള്‍ വിളിച്ച് പേയ്ഡ് പാല്‍കിയെക്കുറിച്ച് പറഞ്ഞു. ദിവസം 30,000 രൂപവച്ച് മൂന്നു ലക്ഷം രൂപയാണ് പ്രതിഫലമായി പറഞ്ഞിരുന്നത്. 50,000 രൂപ അഡ്വാന്‍സായി നല്‍കി. ബാക്കി പൈസ കുറച്ചു കുറച്ചായി ഷൂട്ടിങ്ങിനിടെ തന്നു തീര്‍ക്കാം എന്നാണ് പറഞ്ഞിരുന്നത്.

ഷൂട്ടിങ്ങിനായി മധ്യപ്രദേശില്‍ എത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നില്ലെന്നാണ് പരാതിയിലുള്ളത്. കൂടാതെ ഭക്ഷണവും മോശമായിരുന്നു. ഷൂട്ടിങ് കാണാനെത്തിയ പ്രദേശവാസികള്‍ തന്നെ പിടിച്ചു ഉയര്‍ത്തി ചിത്രം പകര്‍ത്തിയെന്നും സോനി പറഞ്ഞു. അഭിനേതാക്കള്‍ക്ക് സുരക്ഷ പോലും ഒരുക്കാതെയാണ് ഷൂട്ടിങ് ആരംഭിച്ചത്.

പ്രശ്‌നങ്ങളെക്കുറിച്ച് പ്രഗതി ചൗഹാനോട് സംസാരിച്ചെങ്കിലും അവര്‍ തന്നെ ആക്ഷേപിക്കുകയാണ് ചെയ്തത് എന്നാണ് സോനി പറയുന്നത്. തന്നെ കുള്ളന്‍ എന്ന് വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. പ്രതിഫലം നല്‍കാനും തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് തനിക്ക് പാനിക് അറ്റാക്ക് ഉണ്ടായെന്നും എന്നാല്‍ തന്നെ സഹായിക്കാന്‍ പോലും ആരും വന്നില്ലെന്നുമാണ് സോനി പറയുന്നത്. പ്രതിഫലം നല്‍കിയില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോള്‍ പ്രഗതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

logo
Metro Vaartha
www.metrovaartha.com