ആദ്യ കുഞ്ഞിനെ വരവേറ്റ് ലേഡി ഗാഗ; മൈക്കൽ പോളാൻസ്കിക്കൊപ്പം പുതിയ അധ്യായം

കുഞ്ഞ് ജനിച്ച കൃത്യമായ തീയതിയോ കുഞ്ഞിന്‍റെ ലിംഗമോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല
Lady Gaga, Michael Polansky

ലേഡി ഗാഗ, മൈക്കൽ പോളാൻസ്കി

Updated on

ലോക പ്രശസ്ത പോപ് ഗായികയും ഹോളിവുഡ് നടിയുമായ ലേഡി ഗാഗയ്ക്കും പ്രതിശ്രുത വരൻ മൈക്കൽ പോളാൻസ്കിക്കും ആദ്യ കുഞ്ഞ് ജനിച്ചതായി റിപ്പോർട്ട്. നവജാത ശിശുവിനെ ഇരുവരും യുഎസിലെ വടക്കൻ കാലിഫോർണിയയിലെ തെരുവുകളിൽ കൊണ്ടുനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് താരദമ്പതികൾ മാതാപിതാക്കളായെന്ന വിവരം പുറത്തറിയുന്നത്. വിനോദവാർത്താ മാധ്യമമായ പേജ് സിക്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ കുഞ്ഞ് ജനിച്ച കൃത്യമായ തീയതിയോ കുഞ്ഞിന്‍റെ ലിംഗമോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുഞ്ഞിന്‍റെ ജനനത്തെക്കുറിച്ച് ഗാഗയോ പോളാൻസ്കിയോ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പ്രഖ്യാപനവും നടത്തിയിട്ടില്ല. ഗർഭിണിയാണെന്ന വിവരവും ഗാഗ നേരത്തെ പരസ്യപ്പെടുത്തിയിരുന്നില്ല. 40കാരിയാണ് ലേഡി ഗാഗ.

2019 സെപ്റ്റംബറിലാണ് ഗാഗയും മൈക്കൽ പോളാൻസ്കിയും പരിചയപ്പെടുന്നത്. 2024 ഏപ്രിലിൽ ഇരുവരും വിവാഹനിശ്ചയം നടത്തി. ഈ വർഷം ഏപ്രിലിൽ ‘മെയ്‌ഹെം ബോൾ’ സംഗീത പര്യടനം പൂർത്തിയാക്കിയതിന് ശേഷം ഗാഗ പൊതുപരിപാടികളിൽനിന്ന് ഏറെക്കുറെ വിട്ടുനിൽക്കുകയായിരുന്നു.

പോപ്പ് സംഗീതത്തിലെ വേറിട്ട ശബ്ദവും അതുല്യമായ വേഷവിധാനങ്ങളും വേദിയിലെ ശ്രദ്ധേയമായ പ്രകടനങ്ങളുമാണ് ലേഡി ഗാഗയെ ആഗോളതലത്തിൽ പ്രശസ്തയാക്കിയത്. പോക്കർ ഫെയ്സ്, ബാഡ് റൊമാൻസ്, ബോൺ ദിസ് വേ, ഷാലോ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ഗാഗ അഭിനയരംഗത്തും ശ്രദ്ധേയയാണ്. ‘എ സ്റ്റാർ ഈസ് ബോൺ’ എന്ന ചിത്രത്തിലെ അഭിനയത്തിനും ‘ഷാലോ’ എന്ന ഗാനത്തിനും ഓസ്കർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com