
ലിജോ ജോസ് പെല്ലിശ്ശരി, ജോജു ജോർജ്
കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന നടൻ ജോജു ജോർജിന്‍റെ ആരോപണത്തിന് മറുപടിയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മൂന്നു ദിവസം സിനിമയിൽ അഭിനയിച്ചതിന് 5,90,000 രൂപ നൽകിയതിന്‍റെ കണക്കുകളും ലിജോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ ഈ വിശദീകരണം എന്നും ലിജോ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയപ്പെട്ട ജോജുവിന്‍റെ ശ്രദ്ധയ്ക്ക് , സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട് .
സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. സ്ട്രീമിങ് ഓൺ സോണി ലിവ്. ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും . മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു . എന്നാണ് ലിജോ ജോസിന്‍റെ പോസ്റ്റ്.
ചുരുളി സിനിമയിൽ തെറി പറയുന്ന പതിപ്പ് ഫെസ്റ്റിവലിന് മാത്രമേ പ്രദർശിപ്പിക്കൂ എന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരുന്നില്ലെന്നും ജോജു ആരോപിച്ചിരുന്നു. തങ്കൻ എന്ന കഥാപാത്രത്തെയാണ് ചുരുളിയിൽ ജോജു അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ ജോജു പറഞ്ഞ ഡയലോഗ് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ അതിന്‍റെ പേരിൽ താൻ ക്രൂശിക്കപ്പെട്ടുവെന്നാണ് ജോജു ആരോപിക്കുന്നത്.
മാത്രമല്ല സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും നൽകിയില്ലെന്നും പറഞ്ഞിരുന്നു. തെറി പറയുന്ന പതിപ്പ‌് പൊതുജനങ്ങൾക്ക് നൽകിയതിൽ തനിക്ക് നല്ല വിഷമമുണ്ട്. അതിന്‍റെ പേരിൽ ഒരു കേസ് വന്നിരുന്നു. പക്ഷേ അതേകുറിച്ച് മര്യാദയുടെ പേരിൽ പോലും ആരും വിളിച്ചു ചോദിച്ചില്ലെന്നും ജോജു ആരോപിച്ചു. വിനോയ് തോമസിന്‍റെ കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം സംവിധാനം ചെയ്തത്. വലിയ രീതിയിൽ തെറി ഉപയോഗിക്കുന്ന ചിത്രം വിമർശിക്കപ്പെട്ടിരുന്നു. ചിത്രത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നുവെങ്കിലും സിനിമയിലെ ഭാഷ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ സംവിധായകന് വിവേചനാധികാരമുണ്ട് എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.