റീൽ താരങ്ങൾ ഒന്നിക്കുന്ന ഹോറർ കോമഡി; മഹാരാജ ഹോസ്റ്റൽ ട്രെയിലർ എത്തി
റീലുകളിലൂടെ പ്രേക്ഷകരേറ്റെടുത്ത അഖിൽ എൻആര്‍ഡി, അഖിൽ ഷാ, .ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റലി'ന്‍റെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിലെത്തും.
ഫാഷന്‍റെയും രുചിയുടെയും ഫ്രീഡത്തിന്‍റെയും ചിക്സിന്‍റെയും ചില്ലിങ്ങിന്‍റെയും ലോകത്തെത്താൻ എൻജിനീയറിങ് പഠനം തെരഞ്ഞെടുക്കുന്ന കുറച്ച് കൂട്ടുകാരും അവർ ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും അതിനിടയിലെത്തുന്ന ഒരു അപ്രതീക്ഷിത അതിഥിയുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു ഫൺ വൈബിൽ ആഘോഷ മൂഡിൽ അൽപ്പം പേടിച്ചിരുന്ന് കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്നാണ് മനസിലാക്കാനാകുന്നത്. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്‍റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്‍റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
ഹൊററും കോമഡിയും ചേർത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന് മുമ്പ് പുറത്തിറങ്ങിയ ടീസറും സൂചന തന്നിരുന്നു.
ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിങ്: നിതീഷ് മിശ്ര, സംഭാഷണം: രാജ.
